കേന്ദ്ര സർക്കാറിന്‍റെ സാമ്പത്തിക ഉപരോധത്തിനെതിരെ ഐക്യനിര രൂപപ്പെടുത്തണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മേൽ സാമ്പത്തിക ഉപരോധത്തിന് സമാനമായ രീതിയിലൂടെ ധന വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സർക്കാർ സമീപനങ്ങൾക്കെതിരെ ഐക്യനിര രൂപപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ഡൽഹിയിൽ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം സ്വാഗതാർഹമായ ചുവടുവെപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ ഭരണ കക്ഷിയായ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന പ്രക്ഷോഭവും സ്വാഗതാർഹമാണ്. പഞ്ചാബ്, ഡൽഹി, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, തമിഴ്നാട് അടക്കം സംസ്ഥാനങ്ങളും കേന്ദ്രം തുടരുന്ന സാമ്പത്തിക അടിച്ചമർത്തൽ നയത്തിനെതിരെ പ്രക്ഷോഭത്തിന്റെ പാതയിലാണ്.
വ്യത്യസ്ഥ സംസ്ഥാന സർക്കാറുകളും പ്രതിപക്ഷ പാർട്ടികളും കേന്ദ്രത്തിന്റെ ഫെഡറൽ വിരുദ്ധതക്കെതിരെ വേറിട്ട് സമരങ്ങൾ നടത്തുന്നുണ്ട്. ഇത് മാറ്റി സംയുക്ത സമരം വികസിപ്പിക്കണം. സംസ്ഥാന സർക്കാർ നടത്തിയ സമരത്തിൽ പ്രതിപക്ഷം പങ്കെടുക്കാതിരുന്നത് ശരിയായില്ല. മറ്റ് ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകളെയും പാർട്ടികളെയും ക്ഷണിച്ചിട്ടും പശ്ചിമ ബംഗാൾ സർക്കാറിനെയും തൃണമൂൽ കോൺഗ്രസിനെയും സമരത്തിലേക്ക് ക്ഷണിക്കാതിരുന്ന ഇടതു സർക്കാർ നടപടി ഉചിതമായില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.