വാണിജ്യകെട്ടിടത്തിലെ ക്രിസ്ത്യൻ ആരാധനാലയം അടച്ചുപൂട്ടാനുള്ള ഉത്തരവ് നടപ്പാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പത്തനംതിട്ട ഓമല്ലൂരിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം വാടകക്കെടുത്ത് നടത്തുന്ന ക്രിസ്ത്യൻ ആരാധനാലയം ഉടൻ അടച്ചുപൂട്ടാനുള്ള ജില്ല കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് ഹൈകോടതി. സന്തോഷ്മുക്കിൽ തോമസ് വർഗീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആരാധനാലയം സംബന്ധിച്ച കലക്ടറുടെ ഉത്തരവ് നടപ്പാക്കാനാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ നിർദേശം. പത്തനംതിട്ട പൊലീസിനും ഓമല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് നിർദേശം നൽകിയത്.
വിളവിനാൽ കമേഴ്സ്യൽ കെട്ടിടത്തിന്‍റെ രണ്ടാംനില ബിനു വാഴമുറ്റം എന്നയാൾ വാടക്കെടുത്താണ് അവിടെ ദേവാലയം തുടങ്ങിയത്. സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവിധം ശബ്ദമലിനീകരണമടക്കം ചൂണ്ടിക്കാട്ടി ആരാധനാലയത്തിന്‍റെ പ്രവർത്തനം നിർത്താൻ പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും നടപ്പായില്ല. ഇതേതുടർന്ന് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കലക്ടറുടെ അനുമതിയില്ലാതെ ആരാധനാലായങ്ങൾ പ്രവർത്തിക്കരുതെന്ന് ചട്ടമുണ്ട്. കലക്ടർ, ജില്ല പൊലീസ് മേധാവി, പൊലീസ് സ്റ്റേഷൻ, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയുടെയൊന്നും അനുമതിയില്ലാതെയാണ് പ്രവർത്തനം.
ഇതിനിടെ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം കേസിലേതിന് സമാനരീതിയിൽ നടക്കുന്ന ആരാധനാലയത്തിന്‍റെ പ്രവർത്തനം നിർത്തിവെക്കാൻ പരാതിയെ തുടർന്ന് കലക്ടർ ഉത്തരവിട്ടു. എന്നാൽ, സ്ഥലമുടമയും വാടകക്കെടുത്തവരും എതിർകക്ഷികളായ മറ്റ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം നിമിത്തം ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് പ്രദേശവാസിയായ മിനി ഷാജി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് കലക്ടറുടെ ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരിക്കുന്നത്. ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സർക്കാറിനോട് നിർദേശിക്കണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
നിയമപരമായ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർഥന കേന്ദ്രങ്ങളും പൂട്ടണമെന്നായിരുന്നു നൂറുൽ ഇസ്ലാം കേസിൽ ഹൈകോടതിയുടെ ഉത്തരവ്. മറ്റ് ആവശ്യങ്ങൾക്ക് അനുമതി തേടി നിർമിച്ച കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കാനുള്ള അപേക്ഷകൾ അനിവാര്യസാഹചര്യത്തിലൊഴികെ കലക്ടർമാർ അനുവദിക്കരുതെന്നും അനധികൃതമായി പ്രവർത്തിക്കുന്നവക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.