നെല്ലിന്‍റെ വില ബാങ്കിലൂടെ നൽകുമ്പോൾ കർഷകനെ വായ്പക്കാരനാക്കരുത് -ഹൈകോടതി
text_fieldsകൊച്ചി: സപ്ലൈകോ വാങ്ങിയ നെല്ലിന്‍റെ വില ബാങ്കിലൂടെ നൽകുമ്പോൾ കർഷകൻ വായ്പക്കാരനായി മാറരുതെന്ന് ഹെകോടതി. നെല്ല് ഏറ്റെടുത്താൽ സപ്ലൈകോ ആണ് ഉടമ. നെല്ലിന് താങ്ങുവിലയും ഇൻസെൻറിവും ലഭിക്കാൻ കർഷകർ വായ്പക്കാരായി മാറേണ്ടതില്ല. നെല്ലിന്‍റെ വില ബാങ്കിലൂടെ നൽകുന്നത് കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കരുതെന്നും കർഷകരല്ല വായ്പക്കാരെന്നത് ബാങ്കുകളുടെ കൺസോർട്യത്തെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. അല്ലെങ്കിൽ ബാങ്കുകൾക്ക് നോട്ടീസ് അയച്ച് വിളിച്ചുവരുത്തുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഏറ്റെടുത്ത നെല്ലിന്‍റെ വില പൂർണമായും ലഭിക്കാത്തതിനെത്തുടർന്ന് നെൽകർഷകർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ബാങ്കിലൂടെ പണം നൽകുന്നതിനായി തങ്ങളാണ് വായ്പയെടുക്കുന്നതെന്നായിരുന്നു സപ്ലൈകോയുടെ വിശദീകരണം. നെല്ലിന്‍റെ വില ബാങ്കിലൂടെ നൽകുന്നത് കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കുന്നില്ലെന്നും വ്യക്തമാക്കി.
ഇക്കാര്യത്തിൽ എന്തെങ്കിലും ഉത്തരവുണ്ടോയെന്ന് കോടതി ആരാഞ്ഞു. വിറ്റ നെല്ലിന് കർഷകർക്ക് വായ്പ നൽകുന്ന അവസ്ഥ ഒരാൾ കാർ വാങ്ങിയാൽ കാർ നിർമാതാക്കൾ പണം കൊടുക്കണമെന്ന് പറയുന്നതുപോലെയല്ലേയെന്നും കോടതി ചോദിച്ചു.
ബാങ്കിലൂടെ നെല്ലിന്‍റെ വില നൽകുമ്പോൾ ആറു മാസത്തിനുള്ളിൽ ബാങ്കിലെ ബാധ്യത തീർക്കുന്നുണ്ടെന്ന് സപ്ലൈകോ വിശദീകരിച്ചു. ബാങ്കിങ് നടപടികളെക്കുറിച്ച് അറിയാവുന്നവർക്ക് സപ്ലൈകോ ഓവർഡ്രാഫ്റ്റാണ് എടുക്കുന്നതെന്ന് വ്യക്തമാകുമെന്ന് കോടതിയും അഭിപ്രായപ്പെട്ടു. വായ്പ ഒറ്റത്തവണ തീർപ്പാക്കുമ്പോൾ പോലും ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ്, വായ്പക്കാർ സപ്ലൈകോയാണെന്ന് അഭിഭാഷകൻ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.