പി.എസ്.സി പട്ടികയിൽ ഉള്ളതിനാൽ വിചാരണ വേഗമാക്കണമെന്ന പ്രതിയുടെ ആവശ്യം കീഴ്കോടതി തള്ളി; ആവശ്യം ന്യായമെങ്കിൽ അപേക്ഷ തള്ളരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ന്യായമായ ആവശ്യമുന്നയിച്ച് വിചാരണ വേഗത്തിലാക്കാൻ നൽകുന്ന ഹരജി കോടതികൾ തള്ളുന്നത് നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാക്കുമെന്ന് ഹൈകോടതി.
വിചാരണ വേഗത്തിലാക്കാനുള്ള പ്രതികളുടെ അപേക്ഷ തള്ളിയ കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ നിരീക്ഷണം.
തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികൾ ശ്രീജിത്ത്, ഗോകുൽ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിക്കാരുടെ അപേക്ഷ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കാനും കോടതി നിർദേശിച്ചു.
ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് തസ്തികയിലേക്കുള്ള നിയമനത്തിന് പി.എസ്.സി തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടതിനാൽ കേസ് വേഗം പരിഗണിച്ചു തീർപ്പാക്കണമെന്നായിരുന്നു ശ്രീജിതിന്‍റെ ആവശ്യം. തൊഴിലിനു വേണ്ടി വിദേശത്തേക്ക് പോകാൻ പാസ്പോർട്ടിന് അപേക്ഷിച്ചെങ്കിലും കേസുണ്ടെന്ന കാരണത്താൽ തന്‍റെ അപേക്ഷ തള്ളിയെന്നതാണ് ഗോകുലിന്‍റെ പരാതി.
തങ്ങൾ ഉൾപ്പെട്ട കേസിന്‍റെ വിചാരണ വേഗത്തിലാക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് ഇരുവരും അപേക്ഷ നൽകിയെങ്കിലും അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി. 17,000 കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇതിൽ 6000 കേസുകൾ അഞ്ചു വർഷത്തിലേറെ പഴക്കമുള്ളവയാണെന്നും വ്യക്തമാക്കിയാണ് അപേക്ഷ തള്ളിയത്. ഹരജിക്കാരുടെ കേസിൽ 30 പ്രതികളുണ്ടെങ്കിലും 14 പേർ മാത്രമാണ് ഇതുവരെ ഹാജരായതെന്നും മജിസ്ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടി.
വിചാരണ കോടതിയിൽ വൻതോതിൽ കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നത് വസ്തുതയാണെങ്കിലും ഉപജീവനമാർഗത്തിനായി വിചാരണ വേഗത്തിലാക്കണമെന്ന ഹരജിക്കാരുടെ അപേക്ഷ പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.