അനുമതി നേടിയ പദ്ധതികൾ തദ്ദേശഭരണ സ്ഥാപനങ്ങൾ തടയരുത് -ഹൈകോടതി
text_fieldsകൊച്ചി: പഞ്ചായത്തുകൾക്ക് നിയമപരമായ അധികാരമേ വിനിയോഗിക്കാനാവൂയെന്നും പൊതുതാൽപര്യങ്ങളുടെ ആകെ സംരക്ഷകരാകാൻ പഞ്ചായത്ത് കമ്മിറ്റികൾക്ക് കഴിയില്ലെന്നും ഹൈകോടതി. നിയമപരമായ എല്ലാ അനുമതികളും നേടിയ പദ്ധതികളെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾ തടയരുതെന്നും ഹൈകോടതി അഭിപ്രായപ്പെട്ടു.
ക്വാറി പ്രവർത്തിപ്പിക്കാൻ നിയമപരമായ ലൈസൻസുകളെല്ലാം ഹാജരാക്കിയിട്ടും കാസർകോട് ബെളാൽ പഞ്ചായത്ത് അധികൃതർ അനുമതി നൽകാത്തതിനെത്തുടർന്ന് കാസർകോട് കൊന്നക്കാട് സ്വദേശി സിനോജ് തോമസ് നൽകിയ ഹരജിയിൽ ജസ്റ്റിസ് എൻ. നഗരേഷാണ് ഇതു വ്യക്തമാക്കിയത്. സംസ്ഥാനത്തെ ചില പഞ്ചായത്തുകൾ ഇല്ലാത്ത അധികാരം ഉപയോഗിച്ചു വ്യക്തികളെ അനാവശ്യ വ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്നു. ഹരജിക്കാരന്റെ കേസിൽ എന്തുകൊണ്ടാണ് ക്വാറി പ്രവർത്തനത്തിന് അനുമതി നൽകാത്തതെന്ന് പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല. വിദഗ്ധ അംഗം ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് പദ്ധതിക്ക് കലക്ടർ അധ്യക്ഷനായ സമിതി വ്യവസ്ഥകളോടെ പാരിസ്ഥിതിക അനുമതി നൽകിയത്. ഇതിനു മുകളിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കേണ്ടതില്ലെന്നും ഹൈകോടതി പറഞ്ഞു. അനുമതി നിഷേധിച്ച പഞ്ചായത്തിന്റെ ഉത്തരവ് റദ്ദാക്കിയ സിംഗിൾബെഞ്ച് ഒരുമാസത്തിനകം അനുമതി നൽകാനും ഉത്തരവിട്ടു.
അയ്യായിരത്തിലേറെ വിധിന്യായങ്ങൾ ഹൈകോടതി മുൻകൈയെടുത്ത് മലയാളത്തിലേക്ക് മൊഴിമാറ്റി
കൊച്ചി: കേരള ഹൈകോടതിയിലെയും വിവിധ ജില്ല കോടതികളിലെയുമായി അയ്യായിരത്തിലേറെ വിധിന്യായങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ മലയാളത്തിലേക്ക് മൊഴിമാറ്റി. ഇവ അതത് കോടതികളുടെ വെബ്സൈറ്റുകളിൽ ലഭ്യമാണെന്ന് ഹൈകോടതിയിലെ കമ്പ്യൂട്ടറൈസേഷൻ രജിസ്ട്രാർ ജി. ഗോപകുമാർ അറിയിച്ചു.
മാതൃഭാഷ ദിനമായ ഫെബ്രുവരി 21ന് ഹൈകോടതിയുടെ രണ്ടു വിധിന്യായം മലയാളത്തിലേക്ക് മൊഴിമാറ്റിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഹൈകോടതിയുടെ 317 വിധിന്യായങ്ങളും ജില്ല കോടതികളിൽനിന്നുള്ള 5186 വിധിന്യായങ്ങളുമാണ് ഇതിനകം മലയാളത്തിലാക്കിയത്. ഹൈകോടതി ജഡ്ജിമാരായ ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിച്ച ശേഷമാണ് വിധിന്യായങ്ങളുടെ മലയാളം പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള എ.ഐ.സി.ടി.ഇ തയാറാക്കിയ അനുവാദിനി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ഉപയോഗിച്ചാണ് വിധിന്യായങ്ങൾ മൊഴിമാറ്റുന്നത്. ഇങ്ങനെ മലയാളത്തിലാക്കുന്ന വിധിന്യായങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റി മുഖേന വിവിധ സർക്കാർ വകുപ്പുകൾക്കും വ്യവഹാരികൾക്കും ലഭ്യമാക്കും. പ്രാദേശിക ഭാഷയിലേക്ക് വിധിന്യായങ്ങൾ മൊഴി മാറ്റണമെന്ന സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ഈ പദ്ധതി ഹൈകോടതി ഇടപെട്ട് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.