വിരമിച്ചാലും പിഴയൊടുക്കണമെന്ന് വിവരാവകാശ കമീഷണർ
text_fieldsഷൊർണൂർ: സർവിസിൽ നിന്ന് വിരമിച്ചാലും വിവരാവകാശ നിയമപ്രകാരമുള്ള പിഴയൊടുക്കണ മെന്ന് മുഖ്യ വിവരാവകാശ കമീഷണർ വിധിച്ചു. ഗ്യാസ് ഏജൻസി, ട്രാൻസ്പോർട്ടിങ് ചാർജ് എന്നിവ സംബന്ധിച്ച അപേക്ഷയിൽ സമയബന്ധിതമായി മറുപടി നൽകാതിരുന്നതിനാണ് ശിക്ഷ വിധിച്ചത്. ഒറ്റപ്പാലം മുൻ സപ്ലൈ ഓഫിസർ ടി.പി. സുലൈഖക്കെതിരെയാണ് രണ്ടായിരം രൂപ പിഴയടക്കാൻ വിധിച്ചത്.
തൃശൂർ മുള്ളൂർക്കര പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ സി.എസ്. നൗഫൽ വിവരാവകാശ നിയമം 6 (1) വകുപ്പ് പ്രകാരം 2013 മേയ് 23ന് സപ്ലൈ ഓഫിസർക്ക് ഷൊർണൂർ അൽ-അമീൻ ഗ്യാസ് ഏജൻസി, ഇവർ ഈടാക്കുന്ന ട്രാൻസ്പോർട്ടിങ് ചാർജ് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിന് സമയബന്ധിതമായി മറുപടി ലഭിക്കാത്തതിനെ തുടർന്ന് പരാതിക്കാരൻ മുഖ്യ വിവരാവകാശ കമീഷനെ സമീപിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് സപ്ലൈ ഓഫിസറായിരുന്ന സുലൈഖയിൽ നിന്ന് കമീഷൻ വിശദീകരണം തേടി. സർവിസിൽ നിന്ന് വിരമിച്ചു, ഗ്യാസ് ഏജൻസിയിൽ നിന്ന് വിവരം ലഭിച്ചില്ല, പിന്നീട് നേരിട്ടെത്തി രേഖകൾ പരിശോധിക്കേണ്ടി വന്നു, റേഷൻ കാർഡ് സംബന്ധിച്ച അപേക്ഷകളിലും പരാതികളിലും തീർപ്പുകൽപ്പിക്കേണ്ട തിരക്കിലായിരുന്നു എന്നൊക്കെയാണ് മറുപടി നൽകാൻ വൈകിയതിന് കാരണമായി ഇവർ വിശദീകരിച്ചത്.
വിരമിച്ചാലും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർ വിവരാവകാശ നിയമപ്രകാരം തങ്ങളുടെ സർവിസ് കാലാവധിയിലെ പരാതികൾക്ക് മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന് കമീഷൻ വിധിച്ചു. തങ്ങളുടെ ഓഫിസിൽ അപേക്ഷ ലഭിക്കുന്ന സമയത്ത് ലഭ്യമായ വിവരങ്ങൾ മാത്രം നൽകിയാൽ മതിയെന്നും അല്ലാതെ അപ്പപ്പോൾ പോയി പരിശോധന നടത്തി റിപ്പോർട്ട് നൽകേണ്ട ആവശ്യമില്ലെന്നും കമീഷൻ പറഞ്ഞു. പിഴ ഈടാക്കി വിവരം കമീഷനെ അറിയിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.