ഡി ലിറ്റ്: വിവാദമുണ്ടാക്കുന്നവർ ഭരണഘടന വായിക്കണം -ഗവർണർ
text_fieldsകൊച്ചി: ഡി-ലിറ്റ് വിഷയത്തിൽ വിവാദങ്ങളുണ്ടാക്കുന്നവർ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അനാവശ്യ വിവാദമുണ്ടാക്കുകയല്ല വേണ്ടത്. സർവകലാശാലകൾ ബാഹ്യസമ്മർദങ്ങൾക്ക് കീഴ്പ്പെടാൻ പാടില്ല. ഇത്തരം വിഷയങ്ങളിൽ നിയമവും ഭരണഘടനയും അറിഞ്ഞുവേണം പ്രതികരിക്കാൻ. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം വ്യക്തമാക്കി.
അനാവശ്യ പ്രസ്താവനകളോട് പ്രതികരിക്കാനില്ല. ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാജ്യത്തെ നിയമവ്യവസ്ഥയോടും ഭരണഘടനയോടും ഉത്തരവാദിത്തമുണ്ട്. ഭരണഘടന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരണങ്ങൾ നടത്തുമ്പോൾ എല്ലാവർക്കും ശ്രദ്ധവേണം. അത്തരം സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്നത് കാണേണ്ടിവരുകയാണ്. എല്ലാത്തിനും മുകളിലാണ് ഭരണഘടന സ്ഥാപനങ്ങളുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ-ഗവർണർ തർക്കം ഗൗരവമുള്ളതാണെന്നും ഗവർണറുടെ പ്രസ്താവന തെളിയിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും പറഞ്ഞ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഡി ലിറ്റ് വിഷയം ഉയർത്തിക്കൊണ്ടുവന്നത്.
അതേസമയം, ഡി ലിറ്റ് ശുപാർശ ചെയ്തെന്ന വാർത്ത ഗവർണർ നിഷേധിച്ചില്ല. ഡി ലിറ്റ് വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഡി ലിറ്റ് തീരുമാനിക്കുന്നതും കൊടുക്കുന്നതും സർവകലാശാലയാണെന്നും സർക്കാരല്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. രമേശ് ചെന്നിത്തല ഉയർത്തിയ ഡിലിറ്റ് വിവാദത്തിൽ ഗവർണർ തന്നെ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.