കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: ശിശുക്ഷേമ സമിതി ഭാരവാഹികൾക്കെതിരെ നിയമനടപടി സ്വീകരിക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: അനുപമ എസ്. ചന്ദ്രന്‍റെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്ക് കൈമാറിയ സംഭവത്തിലെ നിയമവിരുദ്ധതയും ദുരൂഹതയും കണക്കിലെടുത്ത് ശിശുക്ഷേമ സമിതി ഭാരവാഹികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. 2020 ഒക്ടോബർ 22ന് രാത്രി ശിശുക്ഷേമ സമിതിയിലെത്തി ആൺകുഞ്ഞിനെ കൈമാറിയെന്നാണ് അനുപമയുടെ പിതാവും സി.പി.എം ലോക്കൽ നേതാവുമായ ജയചന്ദ്രൻ പറയുന്നത്. രക്തബന്ധുക്കൾ നേരിട്ടെത്തി ഏൽപിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതിക്ക് നിയമപരമായി അധികാരമില്ലാതിരിക്കെ കുഞ്ഞിനെ ഏറ്റെടുത്ത നടപടി നിയമ ലംഘനമാണ്.
കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുഞ്ഞാണെന്നു തെറ്റായി രേഖപ്പെടുത്തുകയും 'മലാല' എന്നു പേരിടുകയും ചെയ്തു. മലാല എന്ന കുഞ്ഞിനെ അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ചു എന്ന് സി.പി.എം നേതാവും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ ഷിജുഖാൻ പേരു വെച്ച് പത്ര പ്രസ്താവന നൽകുകയും ചെയ്തു. ബന്ധുക്കൾ കൊണ്ടെത്തിച്ച ആൺകുഞ്ഞിനെ അമ്മത്തൊട്ടിൽ നിന്ന് ലഭിച്ച പെൺകുട്ടി എന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചത് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ്.
പിന്നീട് പെലെ എന്നും അതിന് ശേഷം സിദ്ധാർഥ് എന്നും പേര് നൽകിയതെല്ലാം ദുരൂഹത ഉണർത്തുന്നതാണ്. അതിനു ശേഷമാണ് ആന്ധ്രക്കാരായ ദമ്പതികൾക്ക് ദത്ത് നൽകിയതായി പറയപ്പെടുന്നത്. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് അറിയപ്പെടുന്ന സി.പി.എം നേതാക്കളെ ശിശുക്ഷേമ സമിതിയുടെ ഭാരവാഹികളാക്കിയിരിക്കുന്നത്. ഇത് ഇത്തരം നിയമവിരുദ്ധവും ദുരൂഹവുമായ നടപടികൾക്കായുള്ള പുകമറയാണ്. വാളയാർ കുട്ടികളുടെ കൊലപാതകത്തിലും പാലക്കാട് ജില്ലയിലെ ശിശുക്ഷേമ സമിതിയുടെ നീക്കങ്ങൾ ദുരൂഹമായിരുന്നതായി അന്നേ ആരോപണമുയർന്നിട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ ഇത്തരം ക്രിമിനൽ നീക്കങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണം. ശിശുക്ഷേമ സമിതി ഭാരവാഹികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾക്ക് വിധേയമാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.