സമുദായ ശ്മശാനങ്ങൾ അനുവദിക്കുന്ന രീതി തുടരണോ?- ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്ത് സമുദായ അടിസ്ഥാനത്തിൽ ശ്മശാനങ്ങൾ അനുവദിക്കുന്ന രീതി തുടരണോയെന്ന് നിയമനിർമാതാക്കൾ പരിശോധിക്കണമെന്ന് ഹൈകോടതി. വിവിധ സമുദായങ്ങൾക്ക് പ്രത്യേക ശ്മശാനങ്ങൾ നിർമിക്കാൻ അനുമതി നൽകാമെന്ന് പരാമർശിക്കുന്ന കേരള പഞ്ചായത്തീരാജ് ആക്ടിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
ഈ വ്യവസ്ഥപ്രകാരം ഒട്ടേറെ സമുദായ ശ്മശാനങ്ങൾ അനുവദിച്ചിട്ടുണ്ട്. മുസ്ലിം -1889, ക്രിസ്ത്യൻ -2982, എസ്.സി/എസ്.ടി -385, ബ്രാഹ്മണർ -16, മറ്റുള്ളവർ -443 എന്നിങ്ങനെയാണ് കണക്ക്. കേരളത്തിലാണ് ഈ നിയമം നിലനിൽക്കുന്നത്. ഇത്തരത്തിൽ ശ്മശാനങ്ങൾ അനുവദിക്കുന്നത് സ്വാതന്ത്ര്യത്തിനും തുല്യതക്കും വിരുദ്ധമാണോയെന്ന് നിയമനിർമാതാക്കൾ പരിശോധിക്കണം. പൊതുശ്മശാനങ്ങളിൽ സമുദായമേതെന്ന് നോക്കാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കണം- ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പാലക്കാട് പുത്തൂരിലെ പൊതുശ്മശാനത്തിൽ ചക്ലിയൻ സമുദായത്തിൽപെട്ടവരുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ദിഷ എന്ന സംഘടന നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2020 ഏപ്രിൽ 30നാണ് സ്ത്രീയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായത്. ഇവർ കോവിഡ് ബാധിച്ചു മരിച്ചതിനാലാണ് തർക്കമുണ്ടായതെന്നായിരുന്നു കലക്ടറുടെ വിശദീകരണം. ഇത് കണക്കിലെടുത്ത് കോടതി ഹരജി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.