റേഷൻ വാങ്ങാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ്
text_fieldsതൃശൂർ: കഴിഞ്ഞ മൂന്നുമാസം സംസ്ഥാനത്ത് എട്ടുലക്ഷത്തിൽ അധികം കാർഡ് ഉടമകൾ റേഷൻ വ ാങ്ങിയില്ല. ഭക്ഷ്യ ഭദ്രതാ നിയമത്തിെൻറ ഗുണഭോക്താക്കളായ അന്ത്യോദയ, മുൻഗണന കാർഡു കളിൽ 1,04,810 പേരാണ് ഈമാസങ്ങളിൽ സബ്സിഡി അരിയും ഗോതമ്പും അടക്കം വാങ്ങാതിരുന്നത്. മുൻ ഗണന വിഭാഗത്തിൽ 91,000 പേരും അന്ത്യോദയ വിഭാഗത്തിൽ 12,000 പേരും അടക്കമാണിത്. മുൻഗണനേതര, സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിൽപെട്ട 4,98,783 പേരടക്കം ഒക്ടോബർ, നവംബർ മാസങ്ങളിലായി 6,03,590 കാർഡ് ഉടമകളാണ് റേഷൻ വാങ്ങാതിരുന്നത്.
ഡിസംബറിലെ കണക്ക് കൂടി ലഭ്യമാകുന്നതോടെ റേഷൻ വാങ്ങാത്തവരുടെ എണ്ണം എട്ട് ലക്ഷത്തിൽ അധികമാവും. അന്ത്യോദയ വിഭാഗത്തിൽ ഇടുക്കി, വയനാട് ജില്ലകളിലെ ആദിവാസികളാണ് റേഷൻ വാങ്ങാത്തവരിൽ കൂടുതൽ. ഇടുക്കി ദേവികുളം താലൂക്കിൽ മാത്രം ആയിരത്തിൽ അധികം അന്ത്യോദയ വിഭാഗത്തിൽപെട്ടവർ റേഷൻ വാങ്ങിയിട്ടില്ല. വയനാട് ജില്ലയിൽ 636 അന്ത്യോദയ കാർഡുകാരാണ് റേഷൻ വാങ്ങാത്തത്. നിരന്തരം റേഷൻവാങ്ങാത്തവരുടെ എണ്ണം അടിക്കടി വർധിക്കുന്നതിനാൽ കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിതരണ വകുപ്പ് താലൂക്ക് സപ്ലൈ ഓഫിസർമാർക്ക് ഉത്തരവ് നൽകിയിരിക്കുകയാണ്. റേഷൻ വാങ്ങാത്ത കാർഡ് ഉടമകളുടെ താലൂക്ക്തല പട്ടിക ഇ-പോസ് വഴി എടുത്ത് വകുപ്പ് നൽകിയിട്ടുണ്ട്. ഈമാസം 25നകം റിപ്പോർട്ട് നൽകണം.
നിരന്തരം റേഷൻ വാങ്ങാതെ വരുന്നതോടെ സബ്സിഡിയായി കേന്ദ്രം നൽകുന്ന വിഹിതം കുറക്കാനുള്ള സാധ്യത വകുപ്പ് മുന്നിൽ കാണുന്നുണ്ട്. അന്ത്യോദയ, മുൻഗണന പട്ടികയിൽ ഉൾപ്പെട്ട അനർഹർ റേഷൻ വാങ്ങാതെ ഇതര സേവനങ്ങൾക്കായി റേഷൻ കാർഡ് ഉപയോഗിക്കുന്നതായും വിവിരം ലഭിച്ചിട്ടുണ്ട്. അനർഹർ ഗുണഭോക്തൃ വിഹിതം വാങ്ങുന്നത് കുറ്റകരമാണെന്ന തിരിച്ചറിവാണ് റേഷൻ വാങ്ങുന്നതിൽ നിന്നും ഇവരെ പിന്തിരിപ്പിക്കുന്നത്. ഇത്തരം അനർഹരെ ഒഴിവാക്കുന്നതിനും കൂടിയാണ് കാരണം കാണിക്കൽ നോട്ടീസ്.
ഇടുക്കി,വയനാട് ജില്ലകളിൽ അടക്കം ആദിവാസികൾക്ക് ഉൗരിൽ നിന്നും റേഷൻവാങ്ങാൻ എത്തുന്നതിനുള്ള അസൗകര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർക്ക് തൃശൂർ ജില്ലയിൽ മലക്കപ്പാറയിൽ നടപ്പാക്കിയതിന് സമാനം ഉൗരുകളിൽ റേഷൻ വാഹനങ്ങളിൽ എത്തിക്കുന്ന പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.