ശ്രദ്ധയുടെ ആത്മഹത്യക്കുറിപ്പുണ്ടെന്ന് പൊലീസ്; വ്യാജമെന്ന് ബന്ധുക്കൾ
text_fieldsകോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ മരിച്ച ശ്രദ്ധ സതീഷിന്റെ ആത്മഹത്യക്കുറിപ്പുണ്ടെന്ന് പൊലീസ്, എന്നാൽ മാനേജ്മെൻറിനെ സഹായിക്കാൻ പൊലീസ് കണ്ടെത്തിയ ‘വ്യാജ’ ആത്മഹത്യക്കുറിപ്പാണിതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമത്തിൽ ശ്രദ്ധ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് കുടുംബം പറയുന്നത്.
കോളജ് മാനേജ്മെന്റിനെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ശ്രദ്ധയെ അപകീർത്തിപ്പെടുത്താനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും ശ്രദ്ധയുടെ പിതാവ് സതീഷ് പറഞ്ഞു. ഇത് ശ്രദ്ധയുടെ ആത്മഹത്യക്കുറിപ്പല്ലെന്നും ഹോസ്റ്റലിലെ സഹതാമസക്കാരെ മാനേജ്മെന്റ് പ്രതിനിധികൾ വിളിച്ച് സംസാരിച്ചതിൽ സംശയമുണ്ടെന്ന് വിദ്യാർഥികളും ആരോപിക്കുന്നു.
ശ്രദ്ധയുടെ മുറിയിൽനിന്നും കുറിപ്പ് ലഭിച്ചതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കാണ് വെളിപ്പെടുത്തിയത്. മുറിയുടെ മഹസർ എഴുതാൻ എത്തിയപ്പോൾ ലഭിച്ച കത്താണിതെന്നാണ് പൊലീസ്ഭാഷ്യം.
‘ എടി പോകുന്നു, നിന്നോട് വാങ്ങിയ ബ്ലാക്ക് പാന്റ് ഞാൻ കട്ടിലിൽ െവച്ചിട്ടുണ്ട്’ എന്നാണ് കത്തിൽ ഉണ്ടായിരുന്നതെന്നും മറ്റ് കാരണങ്ങളൊന്നും കുറിപ്പിൽ എഴുതിയിട്ടില്ലെന്നും സംശയമുള്ളവരെ ചോദ്യം ചെയ്യുമെന്നുമാണ് കോട്ടയം എസ്.പി. മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ, ഇത് പൊലീസ് ‘വ്യാജമായുണ്ടാക്കിയ’ ആത്മഹത്യക്കുറിപ്പാണെന്നാണ് ശ്രദ്ധയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 15ന് സ്നാപ്ചാറ്റിലൂടെ ശ്രദ്ധ സുഹൃത്തിന് അയച്ച കുറിപ്പാണിതെന്ന് ശ്രദ്ധയുടെ പിതാവ് ആരോപിച്ചു.
ലോക്കൽ പൊലീസ് അന്വേഷണം മാനേജ്മെന്റിന് വേണ്ടിയായിരുന്നെന്ന് വ്യക്തമാണ്.
ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയെന്ന വിവരം മാധ്യമങ്ങളിൽനിന്ന് മാത്രമാണ് അറിഞ്ഞത്. ചർച്ചയിൽ പോലും തങ്ങളെ വിളിച്ചില്ല. ഏത് ക്രൈംബ്രാഞ്ച് വന്നിട്ടും കാര്യമില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. അതിനാൽ നിയമപരമായി മുന്നോട്ട്പോകുമെന്ന് പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.