മാതാപിതാക്കളുടെ അടുക്കലേക്ക് ശ്രേയയും മടങ്ങി
text_fieldsകൊട്ടാരക്കര: പ്രാർഥനകൾ വിഫലമാക്കി, മാതാപിതാക്കളുടെ അടുക്കലേക്ക് മൂന്ന് വയസ്സുകാരി ശ്രേയയും യാത്രയായി. തിങ്കളാഴ്ച രാത്രി കുളക്കടയിലുണ്ടായ കാറപകടത്തിൽ ശ്രേയയുടെ പിതാവ് കൊട്ടാരക്കര പള്ളിക്കൽ ആലുംചേരിയിൽ ബിനീഷ് ഭവനിൽ ബിനീഷ് (33), മാതാവ് അഞ്ജു (29) എന്നിവർ തൽക്ഷണം മരിച്ചിരുന്നു. ആശുപത്രിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിച്ച് ബുധനാഴ്ച പുലർച്ചയോടെ ശ്രേയയും വിടപറഞ്ഞത് നാട്ടുകാർക്കും ബന്ധുക്കൾക്കും താങ്ങാവുന്നതിലുമധികം ആഘാതമേൽപിച്ചാണ്. അപകടത്തിൽ ഗുരുതര പരിക്കേറ്റെങ്കിലും ശ്രേയ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.
എന്നാൽ, കുഞ്ഞുജീവനും കൈവിട്ടുപോയത് അറിഞ്ഞതോടെ ദുഃഖത്തിലാഴ്ന്നിരിക്കുകയാണ് പള്ളിക്കൽ ഗ്രാമം. ബുധനാഴ്ച രാവിലെ ശ്രേയയുടെ മരണ വാർത്തയറിഞ്ഞ് നിരവധിപേർ വീട്ടിലേക്കെത്തി. ബിനീഷിന്‍റെ പിതാവ് കൃഷ്ണൻ കുട്ടിയെയും മാതാവ് ഉഷയെയും അഞ്ചുവിന്‍റെ പിതാവ് അജിയെയും മാതാവ് ഗീതയെയും ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും വിതുമ്പി. ഒരു കുടുംബം തന്നെ യാത്രയായതോടെ അനാഥാവസ്ഥയിലായ വീട്ടിനുചുറ്റും അപ്രതീക്ഷിത ദുരന്തം ഉൾക്കൊള്ളാനാകാതെ ഒരു നാട് മുഴുവൻ വിറങ്ങലിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.