കടൽ ചെമ്മീൻ കയറ്റുമതി വിലക്ക്; പ്രശ്നപരിഹാരം നീളും
text_fieldsതിരുവനന്തപുരം: കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിൽ പ്രശ്നപരിഹാരത്തിന് കടമ്പകളേറെ. 2019ലാണ് നിരോധനം വന്നതെങ്കിലും ഇത് ഒഴിവാക്കാനുള്ള കാര്യക്ഷമമായ ഇടപെടൽ കേന്ദ്ര സർക്കാർ നടത്തിയില്ല. മത്സ്യമേഖലയിൽനിന്ന് ഇതുസംബന്ധിച്ച ആവശ്യമുയർന്നെങ്കിലും വിഷയം സജീവ ചർച്ചയാക്കി കേന്ദ്ര ഇടപെടൽ സാധ്യമാക്കാൻ സംസ്ഥാനത്തിനും കഴിഞ്ഞില്ല.
ചെമ്മീൻ കയറ്റുമതിയിൽ വലിയ ഇടിവുണ്ടായതോടെ കഴിഞ്ഞ ദിവസം സർക്കാർ യോഗം വിളിച്ചിരുന്നു. യോഗത്തിൽ പ്രശ്നം കേന്ദ്ര സർക്കാറിനെ ബോധ്യപ്പെടുത്താൻ പ്രതിനിധിസംഘത്തെ അയക്കാനാണ് തീരുമാനിച്ചത്. അമേരിക്കന്‍ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ വില കുറച്ച് വാങ്ങുന്നത് കേരളത്തിലെ മത്സ്യ കയറ്റുമതി രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പ്രതിസന്ധിയുടെ തുടർച്ചയായി കടല്‍ ചെമ്മീന്‍ ആഭ്യന്തരവിപണിയിലും വിലയിടിയുന്നു.
2022-23 സാമ്പത്തികവർഷത്തിൽ 8.09 ബില്യൺ ഡോളർ വരുമാനമാണ് ഇന്ത്യ സമുദ്രോൽപന്ന കയറ്റുമതി വഴി നേടിയത്. ഇതിൽ 5.5 ബില്യൺ ഡോളറും കടൽ ചെമ്മീൻ കയറ്റുമതിയിൽ നിന്നായിരുന്നു. സംരക്ഷിത ഇനത്തിൽപെട്ട കടലാമകള്‍ വലയിൽ കുടുങ്ങുന്നുവെന്നാണ് കയറ്റുമതി വിലക്കിന് അമേരിക്ക ചൂണ്ടിക്കാട്ടുന്ന കാരണം. വലയിൽ കുടുങ്ങുന്ന കടലാമകളെ തിരികെ കടലിൽ പോകാൻ വഴിയൊരുക്കുന്ന ‘ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് (ടെഡ്)’ വലകളിൽ ഘടിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ബോട്ടുടമകൾ പറയുന്നു. വലിയ സാമ്പത്തിക ചെലവ് വരുന്ന ഇൗ സംവിധാനം ഒരുക്കൽ അപ്രായോഗികമാണെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ മത്യാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ടെഡ് ഘടിപ്പിച്ചാൽ പിടികൂടുന്ന മത്സ്യത്തിന്റെ പകുതിയും വലയിൽനിന്ന് പുറത്ത് പോകും.
ഇത് നഷ്ടം വർധിപ്പിക്കും. കേരള തീരത്ത് വലയിൽ കടലാമ കുടുങ്ങുന്നത് കുറവാണെന്നും വലയിൽപെട്ടാൽ തന്നെ സുരക്ഷിതമായി കടലിലേക്ക് വിടുകയാണെന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വിഷയത്തിൽ അമേരിക്കയുമായി ഉന്നതതല നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം പി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് കത്ത് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.