കടൽച്ചെമ്മീൻ കയറ്റുമതി വിലക്ക്; കേന്ദ്രത്തിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ സർക്കാർ
text_fieldsതിരുവനന്തപുരം: കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിനു പരിഹാരത്തിനായി കേന്ദ്രസർക്കാരിലേക്ക് കേരളം പ്രതിനിധി സംഘത്തെ അയക്കും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന സർവതല യോഗത്തിലാണ് തീരുമാനം.
സംരക്ഷിത ഇനത്തില്‍പ്പെട്ട കടലാമകള്‍ വലയിൽ കുടുങ്ങുന്നുവെന്നാണ് ഉപരോധത്തിന് അമേരിക്ക ചൂണ്ടിക്കാട്ടുന്ന കാരണം. ഇന്ത്യയില്‍ നിന്നും ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ 2019 ല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനം ഇന്നും തുടരുകയാണ്. അമേരിക്കന്‍ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ പകുതിയിലേറെ വില കുറച്ചാണ് വാങ്ങുന്നത്. ഈ പ്രതിസന്ധി കടല്‍ചെമ്മീന് ആഭ്യന്തര വിപണിയിലും വിലയിടിയാന്‍ കാരണമാകുന്നു. ഇത് മത്സ്യമേഖലയ്ക്ക് വലിയ തിരിച്ചടിയായി തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്.
മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഗണിച്ചു കൊണ്ട് മാത്രമേ ഇക്കാര്യത്തിൽ സർക്കാർ എന്തെങ്കിലും തീരുമാനം എടുക്കുകയുള്ളൂ എന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിന് പുറമേ ചെമ്മീൻ വിലയിടിവ് നേരിടാനായി വിപണി ഇടപെടൽ നടത്തത്തക്ക വിധം പ്രൊപോസൽ തയ്യാറാക്കി അടിയന്തിരമായി സമർപ്പിക്കാൻ ഫിഷറീസ് വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ചെമ്മീൻ വിലയിടിവ് പിടിച്ചു നിർത്തുന്ന നിലയിലുള്ള നിലപാട് സ്വീകരിക്കുവാനായി കയറ്റുമതിക്കാരുടെ സംഘടനാപ്രതിനിധികളോടും മന്ത്രി ആവശ്യപ്പെട്ടു.
യോഗത്തിൽ ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി കെ.വി തോമസ്, പി.പി ചിത്തരഞ്ജൻ എം.എൽ.എ, ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ.എസ് ശ്രീനിവാസ്, ഡയറക്ടർ ബി. അബ്‌ദുൾ നാസർ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ബോട്ടുടമകള്‍, എക്സ്പോര്‍ട്ടേഴ്സ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.