അമ്മയുടെ ചിതയെരിയുമ്പോൾ ശ്രുതി കരഞ്ഞില്ല... കണ്ണീർ വറ്റിപ്പോയിരിക്കണം; ഉള്ളുലക്കുന്ന കുറിപ്പുമായി സിദ്ദീഖ് എം.എൽ.എ
text_fieldsകൽപറ്റ: പുത്തുമലയിലെ പൊതുശ്മശാനത്തിൽനിന്ന് അമ്മയുടെ മൃതദേഹം പുറത്തെടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ ശ്മശാനത്തിൽ ദഹിപ്പിക്കുമ്പോൾ കണ്ണീർപോലും പൊഴിക്കാനാകാതെ പരിക്കേറ്റ കാലുകളുമായി ശ്രുതി അംബുലൻസിൽ ഇരിക്കുകയായിരുന്നു. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പതു പേരെ നഷ്ടമാകുന്നത്.
ദുരന്തമുഖത്ത് താങ്ങായി കൂടെയുണ്ടായിരുന്ന പ്രതിശ്രുത വരൻ ജെൻസനെയും ഇതിനിടെ വാഹനാപകടത്തിൽ നഷ്ടമായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അമ്മയുടെ മൃതദേഹം പുത്തുമലയിലെ കുഴിമാടത്തിൽനിന്നെടുത്ത് ഹൈന്ദവ ആചാര പ്രകാരം ദഹിപ്പിക്കണം എന്ന് ശ്രുതി ആവശ്യപ്പെടുന്നത്. വൈറ്റ് ഗാർഡിന്റെ സഹായത്തോടെ കുഴിമാടത്തിൽനിന്നെടുത്ത് മേപ്പാടിയിലെ മാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്മശാനത്തിൽ ഐവർ മഠത്തിന്റെ സഹായത്തോടെയാണ് അമ്മയുടെ മൃതദേഹം ദഹിപ്പിച്ചത്.
കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിലാണ് ശ്രുതിയെ ശ്മശാന പരിസരത്തേക്കു കൊണ്ടുവന്നത്. ശസ്ത്രക്രിയ നടത്തിയതിനാൽ ശ്രുതിക്കു നടക്കാനാകില്ല. ചിതയെരിയുമ്പോഴും ആംബുലൻസിൽതന്നെയായിരുന്നു . ജെൻസന്റെ പിതാവ് ജയനും ഒപ്പമുണ്ടായിരുന്നു. ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ ഒമ്പതു ബന്ധുക്കളെയാണ് ശ്രുതിക്കു നഷ്ടമായത്. ഈമാസം പത്തിന് കൽപറ്റയിലെ വാടക വീട്ടിൽനിന്നു ലക്കിടിയിലേക്കു പോകവെയാണ് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ ബസിൽ ഇടിച്ചത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസൻ മരണത്തിനു കീഴടങ്ങി. അതിനിടെയാണ് അമ്മയെ ഹൈന്ദവ ആചാരപ്രകാരം അടക്കണമെന്ന ആവശ്യം ശ്രുതി അറിയിച്ചത്. മൃതദേഹം ദഹിപ്പിക്കാൻ നേതൃത്വം നൽകിയ സിദ്ദീഖ് എം.എൽ.എ ഉള്ളുലക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്‍റെ പൂർണ രൂപം;
സാറേ… എനിക്കെന്റെ അമ്മയെ കുഴിമാടത്തിൽ നിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണം…” എല്ലാവരും തനിച്ചാക്കിപ്പോയ ശ്രുതിയുടെ ആ വാക്കുകൾ എന്നെ ഒന്നാകെ ഉലച്ച് കളഞ്ഞു… ജിൻസൺ ജീവിച്ചിരിക്കുമ്പോൾ തന്നെ അവർ അപേക്ഷ നൽകിയിരുന്നു…
പിന്നീട് ആംബുലൻസിൽ ശ്രുതിയെയും കൊണ്ട് ഒരു യാത്രയായിരുന്നു… പുത്തുമലയിലെ പൊതു കുഴിമാടത്തിൽ നിന്ന് ശ്രുതിയുടെ അമ്മയെ വൈറ്റ് ഗാർഡിന്റെ സഹായത്തോടെ
എടുത്ത് മേപ്പാടിയിലെ മാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്മശാനത്തിൽ ഐവർ മഠത്തിന്റെ സഹായത്തോടെ ദഹിപ്പിക്കുമ്പോൾ ശ്രുതി കരഞ്ഞില്ല… കണ്ണീർ വറ്റിപ്പോയിരിക്കണം…
ശ്രുതിയുടെ അമ്മയെ കുഴിമാടത്തിൽ നിന്ന് എടുക്കവെ അരികത്ത് തലയിൽ കൈ കൊടുത്ത് ഇരുന്ന ജിൻസന്റെ അച്ഛൻ വല്ലാത്ത നോവായിരുന്നു… വിഷ്വൽ ലാംഗ്വേജിൽ എല്ലാം നിങ്ങൾക്ക് കാണാം…
മുസ്ലിം പള്ളിയിലെ ഖബറിൽ നിന്ന് ചർച്ചിലേക്കും, ഹൈന്ദവ ശ്മശാനത്തിലേക്കും, പുത്തുമലയിലെ പൊതു ശ്മശാനത്തിൽ നിന്നും അത് പോലെ തിരിച്ചും ഡിഎൻഎ വഴി തിരിച്ചറിഞ്ഞ ബോഡികൾ എടുത്ത് മാറ്റുകയാണ് ദിവസവും ഞങ്ങൾ…
എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ജോസഫ്, രാജു എജമാടി, സുരേഷ് ബാബു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ബിജെപി നേതാവ് മുരളി, രാധാ രാമസ്വാമി എന്നിവരോട് നന്ദി… സ്നേഹം…
വൈറ്റ് ഗാർഡാണ് ഓരോ ബോഡിയും എടുക്കുന്നത്, അവരെ അഭിനന്ദിക്കാൻ എനിക്ക് വാക്കുകളില്ല… അവർക്ക് കുടിവെള്ളം പോലും ഞങ്ങൾക്ക് കൊടുക്കേണ്ടി വരാറില്ല… അവർ ഞങ്ങൾക്ക് തരും… ഈ സേവനം ഒരു മലയാളിയും ഒരു കാലത്തും മറക്കില്ല… വൈറ്റ് ഗാർഡ് ജില്ലാ ചെയർമാൻ ഷുക്കൂറിനും, യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറിയും വൈറ്റ് ഗാർഡ് അംഗവുമായ ഷിഹാബിനും ടീമിനും നന്ദി… സ്നേഹം… ശ്രുതിയുടെ അമ്മയെ ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കാൻ നേതൃത്വം നൽകിയ ഐവർ മഠത്തിനും സേവാഭാരതിക്കും നന്ദി…
അമ്മയ്ക്ക് നിത്യശാന്തി നേരുന്നു…
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.