മകൻ നഷ്ടപ്പെട്ട വേദന ഇന്നും അനുഭവിക്കുന്നു; ശുഹൈബിനെ കൊന്നതിന് പിന്നിൽ ആരെന്ന് ആകാശ് തില്ലങ്കേരിക്ക് പറയേണ്ടി വരും -പിതാവ് മുഹമ്മദ്
text_fieldsകണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്‍റെ പിതാവ് മുഹമ്മദ്. ശുഹൈബിനെ കൊന്നവരെയല്ല കൊല്ലിച്ചവരെയാണ് വേണ്ടതെന്ന് ആദ്യം മുതൽ പറഞ്ഞതാണെന്ന് മുഹമ്മദ് പറഞ്ഞു.
കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് ആകാശ് തില്ലങ്കേരിയുടെ വായിൽ നിന്ന് കേൾക്കണം. ഇക്കാര്യം ആകാശ് തില്ലങ്കേരി പറയുക തന്നെ ചെയ്യും. എന്തിനാണ് മകനെ കൊലപ്പെടുത്തിയതെന്ന് തങ്ങൾക്ക് ഇതുവരെ അറിയില്ല. മകൻ നഷ്ടപ്പെട്ട വേദന ഇന്നും അനുഭവിക്കുന്നു.
ആകാശ് തില്ലങ്കേരി ക്വട്ടേഷൻ സംഘത്തിലെ അംഗമാണ്. ആര് ക്വട്ടേഷൻ നൽകിയാലും കൊലപാതകം നടത്തും. കൊല്ലാൻ ആഹ്വാനം ചെയ്തവർക്ക് വരെ പാർട്ടിക്കാർ ജോലി കൊടുത്തെന്ന് ആകാശ് തില്ലങ്കേരി പറഞ്ഞു കഴിഞ്ഞു.
ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ തങ്ങൾക്ക് ഇന്നും നീതി കിട്ടിയിട്ടില്ല. ശുഹൈബ് വധക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേസ് മാർച്ച് 14ന് കോടതി പരിഗണിക്കുന്നുണ്ടെന്നും മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമന്‍റിലാണ് സി.പി.എം നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ആരോപണം ഉയർത്തിയത്. ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ടം വെക്കലും പ്രതിഫലമെന്ന് ആകാശ് തില്ലങ്കേരി വ്യക്തമാക്കുന്നു.
ആകാശ് തില്ലങ്കേരി അനുകൂലികളും സി.പി.എം പ്രാദേശിക നേതാക്കളും തമ്മിൽ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ തുടരുന്ന വാക്കുതർക്കത്തിനിടെയാണ് പുതിയ ആരോപണവുമായി ആകാശ് തില്ലങ്കേരി രംഗത്തുവന്നത്. ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ നേതാവ് ഷാജർ ട്രോഫി നൽകിയ സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
ഈ സംഭവം ഷാജറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആകാശ് തില്ലങ്കേരി നടത്തിയ ഗൂഢനീക്കത്തിന്‍റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള തെളിവുകൾ പുറത്തുവിട്ടതാണ് വാക്കുതർക്കത്തിന് കാരണമായത്. ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ആകാശ് തില്ലങ്കേരിയെ തള്ളി ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ പോസ്റ്റിനിട്ട കമന്‍റിലൂടെയാണ് പാർട്ടിക്കെതിരെ വിമർശനം ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.