ഷുഹൈബ് വധം: നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
text_fieldsകൊച്ചി: രാഷ്ട്രീയ എതിരാളികളെ നിഷ്കാസനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്ന് ഹൈ കോടതി. എതിരാളികളെ ഇല്ലാതാക്കുന്ന രീതി അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കി. യൂത ്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യഹരജി തള്ളിയാണ് കോടതി നിരീക്ഷണം.
ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി, രണ്ടാംപ്രതി രഞ്ജിത് രാജ്, മൂന്നാപ്രതി കെ. ജിതിൻ, നാലാംപ്രതി സി.എസ്. ദീപക്ചന്ദ് എന്നിവരുടെ ജാമ്യഹരജിയാണ് കോടതി പരിഗണിച്ചത്. ആകാശിനെയും രഞ്ജിത്തിനെയും 2018 ഫെബ്രുവരി 19നും ജിതിനെ 2018 ഫെബ്രുവരി 26നും ദീപക്കിനെ 2018 മാർച്ച് നാലിനുമാണ് അറസ്റ്റ് ചെയ്തത്. തങ്ങൾ ഇപ്പോഴും ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
ഷുഹൈബ് വധം ക്രൂരവും പൈശാചികവുമായ സംഭവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യവും വിശാലവുമായ ആസൂത്രണത്തിന് ശേഷമാണ് കൊല നടപ്പാക്കിയത്. പ്രഫഷനൽ കൊലയാളികളുടെ കൃത്യതയോടെയാണ് കൊല. തുടർച്ചയായ രാഷ്ട്രീയ അതിക്രമങ്ങൾക്കിടയിലെ പ്രതികാരമെന്ന നിലയിലാണ് ഷുഹൈബ് വധം. ജാമ്യം അനുവദിച്ചാൽ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനുമിടയുണ്ട്. മാത്രമല്ല, പ്രതികൾ കുറ്റകൃത്യങ്ങൾ ആവർത്തിക്കാനും സാധ്യതയുണ്ട്.
ഇൗ മേഖലയിലെ ശാന്തിയും സമാധാനവും ഉറപ്പുവരുത്തേണ്ടതിനാൽ ജാമ്യഹരജി തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞവർഷം ഫെബ്രുവരി 12നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിനെ കൊലപ്പെടുത്തിയത്. കേസിൽ അന്വേഷണം പൂർത്തിയായെന്നും അന്തിമ റിപ്പോർട്ട് സമർപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.