ഷുഹൈബ് വധക്കേസ്: ആകാശിനെ തള്ളുമ്പോഴും സി.ബി.ഐ വേണ്ടെന്ന നിലപാടിലുറച്ച് സി.പി.എം
text_fieldsകണ്ണൂർ: ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലുകളെയും ആകാശിനെയും ഒരേപോലെ തള്ളിക്കളയുമ്പോഴും കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന മുൻ നിലപാടിലുറച്ച് സി.പി.എം. ക്രിമിനലായ ആകാശ് പറയുന്ന കാര്യങ്ങൾക്ക് എന്തിനു പ്രതികരിക്കണമെന്നു ചോദിക്കുന്ന സംസ്ഥാന സെക്രട്ടറി തന്നെയാണ് കേസിൽ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു പറയുന്നത്. സി.ബി.ഐ അന്വേഷണമെന്നത് എല്ലാറ്റിന്റെയും അവസാന വാക്കല്ലെന്നാണ് അദ്ദേഹം വെള്ളിയാഴ്ചയും ആവർത്തിച്ചത്.
സമൂഹമാധ്യമങ്ങളിലെ വെളിപ്പെടുത്തലോടെ, കേസിലെ പ്രധാന പ്രതികൂടിയായ ആകാശ് തില്ലങ്കേരിയെ പൂട്ടാൻ തീരുമാനിക്കുമ്പോഴും കേസ് സി.ബി.ഐക്കു വിടുന്നത് എതിർക്കാൻ ഏതറ്റംവരെയും പോകുന്നതിലെ വൈരുധ്യമാണ് ചോദ്യംചെയ്യപ്പെടുന്നത്. ഇക്കാര്യമാണ് ഷുഹൈബിന്റെ കുടുംബവും പ്രതിപക്ഷവും തുടക്കം മുതൽ ഉന്നയിക്കുന്നത്.
ഷുഹൈബ് വധത്തിൽ പാർട്ടിക്കു പങ്കില്ലെന്നും പേടിക്കാനൊന്നുമില്ലെന്നും ആവർത്തിക്കുമ്പോഴും പൊലീസിനു പുറമെയുള്ള അന്വേഷണത്തെ ശക്തമായി എതിർക്കുകയാണ്. ‘‘മുമ്പ് സി.ബി.ഐ വരുന്നതിൽ പാർട്ടി എതിരല്ലായിരുന്നു. കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ എന്നത് കുറച്ചുകൂടി അന്വർഥമാവുകയാണ് ഇന്ന്. സി.ബി.ഐ അന്വേഷണമാണ് എല്ലാറ്റിന്റെയും അവസാന വാക്കെന്ന് അന്നും ഇന്നും നാളെയും വിശ്വസിക്കുന്നില്ലെ’’ന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.കുടുംബം ആവശ്യപ്പെട്ടാൽ സി.ബി.ഐ അന്വേഷണമാകാമെന്നാണ് മന്ത്രിയായിരിക്കെ കണ്ണൂരിൽ നടന്ന സമാധാന യോഗത്തിൽ എ.കെ. ബാലൻ ഉറപ്പുനൽകിയിരുന്നത്. ഇതിൽനിന്ന് പാർട്ടി മലക്കംമറിയുന്നതാണ് പിന്നീട് കണ്ടത്.
പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബം ഹൈകോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം നേടിയെടുത്തു. രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചന കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സർക്കാറിന്റെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ആ ഉത്തരവ് സ്റ്റേ ചെയ്തു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ് സർക്കാറിനുവേണ്ടി അന്ന് ഹാജരായത്. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചപ്പോഴും സർക്കാർ എതിർത്തു. സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ ലക്ഷങ്ങളാണ് അഭിഭാഷക ഫീസ് ഇനത്തിൽ മാത്രം സർക്കാറിന് ചെലവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.