സമ്മേളന വേദിയില്‍ പി. ജയരാജൻ-പിണറായി കൂടിക്കാഴ്ച
text_fieldsതൃശൂര്‍: സി.പി.എം സംസ്ഥാന സമ്മേളന ഉദ്ഘാടന വേദിയില്‍ അഭ്യൂഹങ്ങള്‍ക്ക് ഇട നല്‍കി മുഖ്യമന്ത്രിയും പി. ജയരാജനും തമ്മില്‍ മിനിറ്റുകള്‍ നീണ്ട കൂടിക്കാഴ്ച. ഭരണത്തിന് മേല്‍ കാര്‍മേഘമായി പടരുന്ന കണ്ണൂരിലെ സി.പി.എം ഉൾപ്പെട്ട രാഷ്ട്രീയ കൊലപാതക പശ്ചാത്തലത്തില്‍ സദസ്സിലുണ്ടായിരുന്ന പ്രതിനിധികളിലും മാധ്യമ പ്രവര്‍ത്തകരിലും കൗതുകം സൃഷ്ടിച്ചതായിരുന്നു ഇരുവരുടെയും സംസാരം.
വേദിയില്‍ നേതാക്കള്‍ ഇരിക്കുന്നതിനിടെയാണ് പിണറായി വിജയെൻറ അടുത്തേക്ക് പി. ജയരാജന്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും വേദിയുടെ പിന്നില്‍ കസേരകളില്‍ പോയി ഇരുന്നു. സംസാരം ഗൗരവമായി നീളുന്നതിനിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒപ്പം ചേര്‍ന്നു. ഉദ്ഘാടകന്‍ ആയ സീതാറാം യെച്ചൂരിയും മറ്റ് പി.ബി, കേന്ദ്ര കമ്മിറ്റി, സംസ്ഥാന നേതാക്കളും വേദിയില്‍ എത്തിയപ്പോഴേക്കും കണ്ണൂര്‍ രാഷ്ട്രീയത്തിെൻറ മുഖമായ മൂന്ന് നേതാക്കളും വഴിപിരിഞ്ഞു.
ഏറ്റവും ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബ് വധത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ജില്ല നേതൃത്വത്തിന് മൂക്ക് കയറിടണമെന്ന നിലപാട് സംസ്ഥാന, കേന്ദ്ര നേതൃത്വത്തില്‍ ശക്തമായിട്ടുണ്ട്. താന്‍ വിളിച്ച സമാധാന യോഗ തീരുമാനത്തിന് പിന്നാലെ സി.പി.എം ഉൾപ്പെട്ട രാഷ്ട്രീയ അക്രമങ്ങള്‍ അരങ്ങേറുന്നത് മുഖ്യമന്ത്രിക്കും നാണക്കേടായി. പ്രാദേശിക നേതാക്കളാണ് പലതും ആസൂത്രണം ചെയ്യുന്നത് എന്ന വാദമാണ് ജില്ല നേതൃത്വം ഉയര്‍ത്തുന്നത് എങ്കിലും സംസ്ഥാന നേതൃത്വം ഇതില്‍ തൃപ്തരല്ല.
കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പങ്കാളികളായ ആര്‍.എസ്.എസ് -ബി.ജെ.പി കൂടാതെ കോണ്‍ഗ്രസ് കൂടി ഇപ്പോള്‍ എത്തിയതോടെ പാര്‍ട്ടിയും സര്‍ക്കാറും വലിയ സമ്മർദത്തിലായിരിക്കുകയാണ്. ഷുഹൈബ് വധത്തിലെ പ്രതികള്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കില്‍ സംഘടന നടപടി എടുക്കണമെന്ന് സംസ്ഥാന നേതൃത്വം ജില്ല നേതൃത്വത്തോട് നിർദേശിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് കളങ്കം സൃഷ്ടിക്കുന്ന നടപടികള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്ര നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെയാണ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അക്രമ രാഷ്ട്രീയം സി.പി.എമ്മിെൻറ സംസ്കാരമല്ലെന്നും വ്യതിയാനം തിരുത്തുമെന്നും പ്രഖ്യാപിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.