കെ. സുധാകരൻ നാളെ നിരാഹാരസമരം അവസാനിപ്പിക്കും
text_fieldsകണ്ണൂർ: ഷുഹൈബ് വധത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ നടത്തുന്ന സമരം ചൊവ്വാഴ്ച അവസാനിപ്പിക്കും. സി.ബി.െഎ അന്വേഷണത്തിന് സർക്കാർ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയും സമരം യു.ഡി.എഫ് ഏറ്റെടുക്കാൻ തീരുമാനിക്കുകയും ചെയ്തതിനെ തുടർന്നാണിത്.
കൊലപാതകത്തെ തുടർന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും തുടർന്ന് യൂത്ത് കോൺഗ്രസ് പാർലെമൻറ് മണ്ഡലം പ്രസിഡൻറ് ജോഷി കണ്ടത്തിലും 24 മണിക്കൂർ വീതം ഉപവസിച്ചതിെൻറ തുടർച്ചയായാണ് ഫെബ്രുവരി 19ന് കെ. സുധാകരൻ കലക്ടറേറ്റ് പടിക്കൽ നിരാഹാരം തുടങ്ങിയത്. 48 മണിക്കൂർ നിരാഹാരം പിന്നീട് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. ആരോഗ്യ നില വഷളായപ്പോൾ സമരം അവസാനിപ്പിക്കാൻ ജില്ല ഭരണകൂടം അഭ്യർഥിച്ചുവെങ്കിലും സുധാകരൻ തള്ളി.
സി.ബി.െഎ അന്വേഷണ പ്രഖ്യാപനമെന്ന മുഖ്യ ആവശ്യം നേടാനാവാതെയാണ് ഒമ്പതാം ദിനത്തിൽ സുധാകരൻ നിരാഹാരം അവസാനിപ്പിക്കുന്നത്. ചൊവ്വാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ കേന്ദ്രമന്ത്രി വയലാർ രവി, കെ.സി. വേണുഗോപാൽ എം.പി തുടങ്ങിയ നേതാക്കൾ സമരപ്പന്തലിലെത്തുന്നുണ്ട്.
പിണറായി സർക്കാർ സി.ബി.െഎ അേന്വഷണം പ്രഖ്യാപിക്കില്ലെന്ന് തുടക്കത്തിലേ അറിയാമായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. സി.ബി.െഎ അന്വേഷണത്തിന് തയാറാണെന്ന് മന്ത്രി എ.കെ. ബാലൻ കണ്ണൂരിൽ പറഞ്ഞത് ജില്ല നേതൃത്വത്തിെൻറ പങ്ക് അറിയാതെയാകും. സി.പി.എമ്മിന് എന്തോ മറച്ചുവെക്കാനുണ്ട്. അതുകൊണ്ടാണ് സി.ബി.െഎക്ക് കൈമാറുന്നതിനെ ഭയക്കുന്നത്. ഷുഹൈബ് വധത്തിൽ സി.പി.എം ജില്ല നേതൃത്വത്തിന് പങ്കുണ്ടെന്ന് ഇതോടെ വ്യക്തമായി -സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.