വൃക്ക പകുത്തുനൽകാനൊരുങ്ങി; പേക്ഷ, കൊലക്കത്തി ജീവനെടുത്തു
text_fieldsകണ്ണൂർ: കൊല്ലപ്പെട്ട ഷുഹൈബിെൻറ സേവനമനസ്സിനെക്കുറിച്ച് പറയുേമ്പാൾ സുഹൃത്തും അയൽവാസിയുമായ ഫസിലിന് കണ്ഠമിടറി. ഫസിലിെൻറ അടുത്ത ബന്ധുവിന് സ്വന്തം വൃക്ക ദാനംചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഷുഹൈബ്. കൊല്ലപ്പെടുന്നതിന് രണ്ടാഴ്ചമുമ്പ് ഷുഹൈബ് ആദ്യം ഇക്കാര്യം പറഞ്ഞപ്പോൾ തമാശയാണെന്നാണ് കരുതിയതെന്ന് ഫസിൽ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, അവൻ കാര്യത്തിലായിരുന്നു. പലകുറി അടുത്തുവന്ന് വൃക്ക നൽകാൻ തയാറാണെന്ന് ആവർത്തിച്ചു. എന്നിട്ടും വിശ്വാസം വരാതായപ്പോൾ മറ്റൊരു സുഹൃത്തിനെ െകാണ്ട് സംസാരിപ്പിച്ചു.
വൃക്ക നൽകുന്നത് തൽക്കാലം എെൻറ ഉമ്മയും വീട്ടുകാരും അറിയരുതെന്ന് മാത്രമായിരുന്നു അവെൻറ നിബന്ധന. എല്ലാം ആലോചിച്ചുറപ്പിച്ചാണ് ഷുഹൈബിെൻറ വാക്കുകളെന്ന് തിരിച്ചറിഞ്ഞപ്പോൾ മനസ്സ് പിടഞ്ഞു. ബന്ധുവിെൻറ വൃക്ക മാറ്റിവെച്ചേ മതിയാകൂവെന്ന് ഡോക്ടർമാരുടെ ഉപദേശം, വിവാഹംപോലും കഴിച്ചിട്ടില്ലാത്ത കൂട്ടുകാരൻ മഹത്തായ ദാനത്തിന് തയാറായി മുന്നിൽനിൽക്കുന്നു. എന്തു ചെയ്യണമെന്നറിയാത്ത നിലയിൽ എന്തെങ്കിലും തീരുമാനിക്കുന്നതിന് മുേമ്പ കൊലക്കത്തി അവെൻറ ജീവനെടുത്തു. കനിവുവറ്റിയ ലോകത്ത് ഷുഹൈബിെൻറ ഒാർമകൾക്ക് മരണമില്ലെന്ന് ഫസിൽ പറഞ്ഞു.
ഷുഹൈബിെൻറ വലിയ മനസ്സിനെക്കുറിച്ചാണ് എടയന്നൂരിലെ വി.കെ. സക്കീനക്കും പറയാനുള്ളത്. സക്കീനയുടെ 10 വയസ്സിന് താഴെയുള്ള മൂന്നു കുട്ടികൾ സ്കൂളിൽ പോകുന്നില്ലെന്നും ഭക്ഷണത്തിനുപോലും പ്രയാസപ്പെടുകയാണെന്നും അധ്യാപിക മുഖേനയാണ് ഷുഹൈബ് അറിഞ്ഞത്. ഒരു മാസത്തേക്കുള്ള അരിയും ഭക്ഷണസാധനങ്ങളുമായി ഷുഹൈബ് രാവിലെ ഇവരുെട വീട്ടിലെത്തി. സക്കീനയുടെ വീട്ടിൽനിന്നിറങ്ങി മണിക്കൂറുകൾക്കകമാണ് ഷുഹൈബ് കൊല്ലപ്പെട്ടത്.
വീടിെൻറ അറ്റകുറ്റപ്പണി നടത്താനും മറ്റുമുള്ള കാര്യങ്ങൾ ശരിയാക്കി അടുത്തദിവസം വരാമെന്ന് പറഞ്ഞ് മടങ്ങിയ ഷുഹൈബിനെ പിന്നീട് ചേതനയറ്റനിലയിലാണ് കണ്ടതെന്ന് പറയുേമ്പാൾ സക്കീനക്ക് സങ്കടം അടങ്ങുന്നില്ല. എടയന്നൂരിലെ ദേവകിയമ്മ എന്ന സ്ത്രീക്ക് വീടുനിർമാണം ഉൾെപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ‘സാന്ത്വനം’ സേവനകൂട്ടായ്മയുടെ സജീവപ്രവർത്തകനായിരുന്നു ഷുഹൈബ്. അതേ സമയം, വെട്ടേറ്റ് മരിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പ് ഷുഹൈബ് സഹായിച്ച എടയന്നൂരിലെ വി.കെ. സക്കീനയുടെ നിർധനകുടുംബത്തെ കോൺഗ്രസ് ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.