അമ്മയുടെ പരാതി പരിഹാര സെല്ലിൽ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു
text_fieldsകൊച്ചി: താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ അധ്യക്ഷയാണ് ശ്വേത മേനോൻ.പരാതി പരിഹാര സെൽ അംഗമായ മാല പാർവതി ഇന്നലെ രാജി വെച്ചിരുന്നു.
ലൈംഗിക പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ശ്വേത മേനോൻ ചെയർപേഴ്സണായ അഞ്ചംഗ സമിതി റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗം ആഭ്യന്തര പരാതിപരിഹാര സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചില്ല. പകരം മാറി നിൽക്കാൻ സന്നദ്ധനാണെന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയാണ് ചെയ്തത്. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജി വെച്ചതായി അറിയിച്ചത്.
വിജയ് ബാബു ഒഴിവാകാമെന്ന് സ്വമേധയാ ആവശ്യപ്പെട്ടു എന്നാണ് സംഘടനയുടെ പത്രക്കുറിപ്പിലുള്ളത്. ഇത് അച്ചടക്ക നടപടിയല്ല. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്ന വാക്ക് അതിലില്ല. അതുണ്ടായിരുന്നെങ്കിൽ രാജി വെക്കില്ലായിരുന്നുവെന്ന് മാല പാര്‍വതി പറഞ്ഞിരുന്നു. കേസിൽ ആരോപണവിധേയനായി ഒളിവിൽ കഴിയുന്ന ആളുടെ കത്ത് സംഘടനയ്ക്ക് വരുമെന്നോ സംഘടന അത് സ്വീകരിക്കുമെന്നോ പ്രതീക്ഷിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് വിജയ് ബാബു. യുവനടിയുടെ പരാതിയിൽ പൊലീസ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് വിദേശത്തേക്ക് കടന്ന നടൻ ഫേസ്ബുക്ക് ലൈവിലൂടെ നടിയുടെ പേര് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. നടന്റെ പേരിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനിടെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. മേയ് 16ന് ഹരജി കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.