എസ്.ഐ പരീക്ഷ: പി.എസ്.സി ഹൈകോടതിയെ സമീപിക്കും
text_fieldsതിരുവനന്തപുരം: പൊലീസ് എസ്.ഐ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ താൽക്കാലികമായി തടഞ്ഞ കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാൻ പി.എസ്.സി തീരുമാനിച്ചു.
ശാരീരിക അളവുകൾ വ്യക്തമാക്കാൻ എസ്.ഐ അപേക്ഷകർക്ക് അംഗീകൃത സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കണമെന്ന ഹരജിയിലായിരുന്നു ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.
യൂനിഫോം സേനകളിലേക്കുള്ള വിജ്ഞാപനങ്ങൾക്ക് അപേക്ഷകരുടെ ശാരീരിക അളവുകൾ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണമെന്ന് നവംബർ 27ന് ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാർ-എയ്ഡഡ് കോളജുകളിലെ സ്ഥിരം കായിക അധ്യാപകരെയാണ് സർട്ടിഫിക്കറ്റ് നൽകാൻ ചുമതലപ്പെടുത്തിയത്. ഡിസംബർ 31നാണ് എസ്.ഐ വിജ്ഞാപനം പി.എസ്.സി പുറത്തിറക്കിയത്. എന്നാൽ, വിജ്ഞാപനത്തിൽ ഉത്തരവിലെ നിർദേശം ഉൾപ്പെടുത്തിയില്ലെന്നാണ് ഉദ്യോഗാർഥിയുടെ പരാതി.
എന്നാൽ, ഉത്തരവിനൊപ്പം നൽകിയ മാതൃകാ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ ഫോട്ടോ പതിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നില്ല. ഇത് തട്ടിപ്പിനിടയാക്കുമെന്നതിനാൽ അപേക്ഷയിൽ മാറ്റം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ -ഭരണപരിഷ്കാര വകുപ്പിന് പി.എസ്.സി കത്ത് നൽകി. അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവിലെ നിർദേശങ്ങൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്താത്തതെന്നാണ് പി.എസ്.സിയുടെ വാദം. ഇക്കാര്യം ഹൈകോടതിയെ ബോധിപ്പിച്ച് പ്രാഥമിക പരീക്ഷക്കുള്ള തടസ്സം നീക്കാനാണ് കമീഷന്റെ ശ്രമം. ഏപ്രിൽ 29, മേയ് 13, 27 തീയതികളിലാണ് പ്രാഥമിക പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.