സി.ഐ അധിക്ഷേപിച്ചതിന് പിന്നാലെ എസ്.ഐ ജോലി ഉപേക്ഷിച്ച് ഇറങ്ങിപ്പോയി; സഹപ്രവർത്തകർ റെയിൽവെ സ്റ്റേഷനിലെത്തി തിരികെ കൊണ്ടുവന്നു
text_fieldsകോഴഞ്ചേരി: പൊലീസ് ഇന്‍സ്‌പെക്ടറുടെ മാനസിക പീഡനത്തേ തുടര്‍ന്ന് ഡ്യൂട്ടി ഉപേക്ഷിച്ചു മടങ്ങിയ എസ്.ഐയെ സഹപ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി തിരികെ കൊണ്ടുവന്നു. തർക്കത്തിൽ ഇടപെട്ട ജില്ലാ പൊലീസ് മേധാവി ഇരുവരെയും വിളിച്ചുവരുത്തി ചർച്ച നടത്തി.
ആറന്മുള പൊലീസ് സ്‌റ്റേഷനില്‍ ബുധനാഴ്ച ഉച്ചക്കാണ് സംഭവം. എസ്.എച്ച്.ഒ പ്രവീൺ, എസ്ഐ അലോഷ്യസിനെ സ്റ്റേഷനിൽ മറ്റുള്ളവരുടെ മുന്നില്‍ അധിക്ഷേപിച്ച് സംസാരിച്ചതായാണ് പരാതി ഉയർന്നത്. മാനസികമായി ബുദ്ധിമുട്ടിലായ എസ്.ഐ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോകുകയായിരുന്നു. പിന്നാലെ എത്തിയ സഹപ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇദ്ദേഹത്തെ കണ്ടെത്തി. വിവരം അറിഞ്ഞ എസ്.പി വി.ജി. വിനോദ് കുമാര്‍ രണ്ടു പേരെയും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി. അലോഷ്യസിന് സ്‌റ്റേഷന്‍ മാറ്റി നല്‍കാമെന്ന് എസ്.പി അറിയിച്ചതായി പറയുന്നു.
ഇന്‍സ്‌പെക്ടര്‍ മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് എസ്.ഐയുടെ പരാതി. ജില്ലയില്‍ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്‌റ്റേഷനുകളില്‍ ഒന്നാണ് ആറന്മുള. മുമ്പ് ഇതേ സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയിരുന്ന മനോജ് നിരന്തരമായി ദ്രോഹിച്ചുവെന്ന് സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന് പല തവണ പരാതിപ്പെട്ടിരുന്നു. കൊടുമൺ സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന പ്രവീൺ സമീപകാലത്താണ് ആറന്മുളയിലെത്തിയത്.
വെണ്ണിക്കുളത്ത് നിന്ന് കാണാതായി ദിവസങ്ങൾക്ക് ശേഷം തിരൂരിൽ ദുരൂഹ സാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച വസ്ത്ര വ്യാപാരിയെ ജീവനോടെ കണ്ടെത്തുന്നതിൽ എസ്.എച്ച്.ഒയുടെ വീഴ്ച സംബന്ധിച്ച പരാതികൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.