യുവാക്കളെ മര്‍ദിച്ച് ലോക്കപ്പിലടച്ചു; എസ്.ഐയെ സ്ഥലം മാറ്റി
text_fieldsകൊച്ചി: കാറില്‍ സഞ്ചരിച്ച യുവാക്കളെ പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ച് വസ്ത്രം അഴിപ്പിച്ച് ലോക്കപ്പിലടച്ചു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാക്കള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയും കേസ് എടുത്തെങ്കിലും പ്രതിഷേധത്തിനൊടുവില്‍ ജാമ്യം നല്‍കി. സംഭവത്തില്‍ എറണാകുളം സൗത്ത് എസ്.ഐ എ.സി വിപിനെ സ്ഥലം മാറ്റി. ശനിയാഴ്ച രാത്രി പത്തരയോടെ വൈറ്റില കൊച്ചുകടവന്ത്രക്ക് സമീപം പൊലീസ് വാഹന പരിശോധനക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. കടവന്ത്ര സ്വദേശികളായ ഉഭേന്ദ്രദേവ്,സഹോദരന്‍ വിനോദ് അംബേദ്കര്‍, സുഹൃത്ത് അയ്യപ്പ സ്വരൂപ് എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ പൊലീസ്, വാഹനം ഓടിച്ച ഉഭേന്ദ്രദേവ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു. ഇല്ളെന്ന് വ്യക്തമായ ശേഷം, രൂക്ഷമായി നോക്കിയെന്ന് പറഞ്ഞ് എസ്.ഐ ഉഭേദ്രദേവിനെ മര്‍ദിച്ചു. വിനോദ് അംബേദ്കറും അയ്യപ്പസ്വരൂപും ഇത് ചോദ്യം ചെയ്തു. അതോടെ മൂവരെയും പൊലീസ് വാഹനത്തില്‍ കയറ്റി സൗത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അടിവസ്ത്രം മാത്രം ധരിപ്പിച്ച് യുവാക്കളെ സ്റ്റേഷനില്‍ നിര്‍ത്തിയ വിവരമറിഞ്ഞ് അര്‍ധരാത്രി തന്നെ പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് സ്റ്റേഷനില്‍ എത്തി. ഇതോടെ പൊലീസ് ധിറുതിപ്പെട്ട് യുവാക്കള്‍ക്ക് വസ്ത്രം നല്‍കി. നാരായണക്കുറുപ്പ് ആവശ്യപ്പെട്ടപ്പോഴാണ് ഇവരെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഞായറാഴ്ച ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലത്തെി കുത്തിയിരിപ്പ് സമരം നടത്തി. യുവാക്കളെ ജാമ്യത്തില്‍ വിടാമെന്ന് തൃക്കാക്കര അസിസ്റ്റന്‍റ് കമീഷണര്‍ എം. ബിനോയ് എം.എല്‍.എക്ക് ഉറപ്പ് നല്‍കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവി എം.പി ദിനേശ്, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്ര തുടങ്ങിയവരും സ്ഥലത്തത്തെി. മാധ്യമപ്രവര്‍ത്തകരടങ്ങുന്ന സംഘം പുറത്തുനിന്നതിനാല്‍ യുവാക്കളെ സ്റ്റേഷന് പിന്നിലൂടെ ഇറക്കി വാഹനത്തില്‍ കയറ്റിയാണ് വീട്ടിലേക്ക് അയച്ചത്. പൊലീസിനെതിരെ കേസിന് പോകരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സൗത്ത് എസ്.ഐയെ ജില്ല പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. തൃക്കാക്കര അസിസ്റ്റന്‍റ് കമീഷണര്‍ എം. ബിനോയിനെ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.