എസ്.ഐ ട്രെയിനി സെലക്ഷൻ: നടപടികൾ കെ.എ.ടി അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പൊലീസ് സബ് ഇൻസ്പെക്ടർ ട്രെയിനി സെലക്ഷൻ നടപടികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി) അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഹൈകോടതി. കെ.എ.ടിയിൽ ഹരജി നിലനിൽക്കെ സെലക്ഷൻ നടപടികളുമായി പി.എസ്.സി മുന്നോട്ടു പോകുന്നതിനെതിരെ ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം, ഇത് സംബന്ധിച്ച് കെ.എ.ടി മുമ്പാകെയുള്ള ഹരജി നാലാഴ്ചക്കകം തീർപ്പാക്കണമെന്നും നിർദേശിച്ചു.
എസ്.ഐ സെലക്ഷനുവേണ്ടി പി.എസ്.സി 2019 ഡിസംബർ 30നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു ലക്ഷത്തിലധികം വരുന്ന അപേക്ഷകരിൽനിന്ന് പ്രാഥമിക പരീക്ഷ നടത്തി 6336 പേരെ തെരഞ്ഞെടുത്തു. ഇവർക്ക് 2022 നവംബർ 22ന് മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചു. ഇതിനെതിരെയാണ് ആലുവ സ്വദേശി വിമൽ അടക്കമുള്ള ഉദ്യോഗാർഥികൾ കെ.എ.ടിയിൽ ഹരജി നൽകിയത്. പ്രാഥമിക പരീക്ഷ നടത്തിയത് വിജ്ഞാപന പ്രകാരമല്ലെന്നായിരുന്നു ഹരജിയിലെ ആരോപണം.
സെലക്ഷൻ നടപടികൾ കെ.എ.ടി സ്റ്റേ ചെയ്തെങ്കിലും പി.എസ്.സി ഇതിനെതിരെ നൽകിയ അപ്പീലിൽ ഹൈകോടതി നവംബർ 18ന് സ്റ്റേ നീക്കി. കെ.എ.ടിയിലെ ഹരജി മൂന്നു മാസത്തിനകം തീർപ്പാക്കണമെന്നും സെലക്ഷൻ നടപടി കെ.എ.ടിയിലെ ഹരജിയുടെ തീർപ്പിനു വിധേയമായിരിക്കുമെന്നും ഹൈകോടതി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, കെ.എ.ടിയിലെ ഹരജി ഇപ്പോഴും തീർപ്പായിട്ടില്ല. സെലക്ഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിമൽ വീണ്ടും കെ.എ.ടിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്നാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.