കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങിയില്ല; എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എം.പി
text_fieldsതൃശൂർ: ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി എം.പി. കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം.
'ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.
ആദിവാസി മേഖലയിലെ റോഡുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനാണ് സുരേഷ് ഗോപി എത്തിയത്. അപ്പോഴാണ് വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. സിനിമയിൽ നിരവധി പൊലീസ് വേഷങ്ങൾ ചെയ്തു താരമായി മാറിയ ആളാണ് സുരേഷ് ഗോപി. കമ്മീഷണർ ഭരത് ചന്ദ്രൻ ഐ.പി.എസ് ഉൾപ്പെടെ സുരേഷ് ഗോപി വേഷമിട്ട് ഹിറ്റായ പൊലീസ് രംഗങ്ങളാണ് ആരാധകർ സംഭവത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.
ഇതോടെ പൊലീസുകാർ ആർക്കൊക്കെ സല്യൂട്ട് ചെയ്യണമെന്ന ചർച്ച വീണ്ടും സജീവമായി. താഴ്ന്ന റാങ്കിലുള്ളവർ ഉയർന്ന റാങ്കിലുള്ളവരോട് ഏകപക്ഷീയമായി ചെയ്യുന്ന ആചാരമല്ല സല്യൂട്ട്. താഴ്ന്ന റാങ്കിലുള്ളവർ സല്യൂട്ടടിക്കുേമ്പാൾ ഉയർന്ന റാങ്കിലുള്ളവരും തിരിച്ച് സല്യൂട്ടടിക്കും. എം.പി, എം.എൽ.എ തുടങ്ങിയവർക്ക് സല്യൂട്ട് നൽകാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലെങ്കിലും പലപ്പോഴും ജനപ്രതിനിധികളെ ബഹുമാനിക്കുന്നതിനാലാണ് സല്യൂട്ട് നൽകാൻ പൊലീസ് ഉദ്യോഗസ്ഥർ തയാറാവുന്നത്.
പൊലീസുകാർ സല്യൂട്ട് ചെയ്യേണ്ടത് ഇവരെ
- രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ഗവർണർ
- മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ
- യൂണിഫോമിലുള്ള ജനറൽ ഓഫിസർമാർ
- മേലുദ്യോഗസ്ഥർ
- സുപ്രീംകോടതി, ഹൈകോടതി ജഡ്ജി
- യൂണിറ്റ് കമാൻഡന്‍റുമാർ
- ജില്ല കലക്ടർ
- സെഷൻസ് ജഡ്ജ്, ഡിസ്ട്രിക് മജിസ്ട്രേറ്റ്
- ദേശീയപതാക, വിവിധ സേനകളുടെ പതാക
- മൃതദേഹം
- സേനകളിലെ കമ്മിഷൻഡ്, ഫീൽഡ് റാങ്ക് ഉദ്യോഗസ്ഥർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.