ഭാവിയിലേക്ക് കുതിപ്പിന് സിയാൽ; ഏഴ് വൻ പദ്ധതികൾ മുഖ്യമന്ത്രി അനാവരണം ചെയ്യും
text_fieldsകൊച്ചി: വികസന ചരിത്രത്തിൽ നിർണായകമായ ഒരു ഘട്ടത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച മുതലായ ഘടകങ്ങൾ മുൻനിർത്തി, അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികൾക്കാണ് ഒരൊറ്റദിനത്തിൽ സിയാൽ തുടക്കം കുറിക്കുന്നത്. തിങ്കളാഴ്ച, മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ച ഉൾകൊള്ളത്തക്ക വിധം വിഭാവനം ചെയ്തിട്ടുള്ള ഏഴ് പദ്ധതികളാണ് സിയാൽ സജ്ജമാക്കിയിട്ടുള്ളത്. ഇവയിൽ കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യും. ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് ആധുനികവത്ക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യും. രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടലിനും ചടങ്ങ് സാക്ഷ്യം വഹിക്കും.
ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, അഡ്വ. പി. എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം.പി.മാർ, എം.എൽ.എ മാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. രാജ്യാന്തര ടെർമിനൽ വികസനം തറക്കല്ലിടൽ, ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം, 0484 ലക്ഷ്വറി എയ്‌റോ ലോഞ്ച് തറക്കല്ലിടൽ ,ഡിജിയാത്ര ഇ-ബോർഡിങ് സോഫ്റ്റ്വെയർ ഉദ്ഘാടനം, അടിയന്തിര രക്ഷാസംവിധാനം ആധുനികവൽക്കരണം ഉദ്ഘാടനം, -ചുറ്റുമതിൽ ഇലക്ട്രോണിക് സുരക്ഷാവലയം തറക്കല്ലിടൽ, ഗോൾഫ് റിസോർട്‌സ് & സ്‌പോർട്‌സ് സെന്റർ തറക്കല്ലിടൽ എന്നിവയാണ് ഏഴ് മെഗാ പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.