രോഗികളായ പിതാവിനെയും മകനെയും കുടിയൊഴിപ്പിച്ച് ബാങ്കിന്റെ ക്രൂരത
text_fieldsപ്രതീകാത്മക ചിത്രം
പൊന്നാനി: കിടപ്പുരോഗിയായ പിതാവിനെയും ചികിത്സയിൽ കഴിയുന്ന മകനെയുമുൾപ്പെടെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് പൊന്നാനി അർബൻ ബാങ്കിന്റെ ജപ്തി നടപടി. സ്കൂൾ ബാഗും പാഠപുസ്തകങ്ങളും ഉൾപ്പെടെ എടുക്കാൻ സമ്മതിക്കാതെയാണ് ഇറക്കിവിട്ടത്. പൊന്നാനി കടവനാട് കറുപ്പം വീട്ടിൽ ഷബീലയും കുടുംബവും ഇതോടെ പെരുവഴിയിലായി.
നാലു വർഷം മുമ്പാണ് പൊന്നാനി അർബൻ ബാങ്കിൽനിന്ന് കുടുംബം അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്. ഇതിൽ രണ്ടു ലക്ഷം രൂപ അടച്ചു. ഇനിയും 7.75 ലക്ഷം രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് വീട് ജപ്തി ചെയ്തത്. ബുധനാഴ്ചയാണ് ബാങ്കിൽനിന്ന് വിളിച്ച് വീട് ജപ്തി ചെയ്യുമെന്ന് കുടുംബത്തെ അറിയിച്ചത്.
വ്യാഴാഴ്ച ബാങ്കിൽനിന്ന് എത്തിയവർ സാധനങ്ങൾ എടുക്കാനുള്ള സാവകാശംപോലും നൽകാതെ ഇറക്കിവിട്ടു. വായ്പയടച്ചുതീർക്കാമെന്നും സാവകാശം വേണമെന്നും ബാങ്ക് ചെയർമാനോട് ആവശ്യപ്പെട്ടെങ്കിലും ഇത് കേൾക്കാതെ നിർധനകുടുംബത്തെ ഇറക്കിവിടുകയായിരുന്നു. അതേസമയം, വീട്ടുകാർക്ക് മതിയായ സാവകാശം നൽകി നിയമപരമായ നടപടികൾ പൂർത്തീകരിച്ചശേഷമാണ് ജപ്തി ചെയ്തതെന്നും അർബൻ ബാങ്ക് സി.ഇ.ഒ ബാലകൃഷണൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.