അരിവാൾരോഗം കാർന്നു തിന്നുന്ന അട്ടപ്പാടി
text_fieldsആശുപത്രി കിടക്കയിൽ കിടന്ന് അവൾ പറഞ്ഞു... ‘അമ്മ ഇവിടെ നിൽക്കണ്ട, എവിടെങ്കിലും പണിക്ക് പോയിക്കോ’..... പക്ഷേ, രണ്ടുദിവസം കഴിഞ്ഞ് കേൾക്കുന്നത് മകളുടെ മരണവാർത്തയാണ്-അമ്മ ശാന്തി കരഞ്ഞുകൊണ്ട് പറഞ്ഞു... ആ കുടുംബത്തിലെ പ്രതീക്ഷയായിരുന്നു കഴിഞ്ഞദിവസം അരിവാൾ രോഗംമൂലം മരിച്ച അട്ടപ്പാടി താഴെ അബ്ബന്നൂർ ഗോത്ര ഊരിലെ സുജിത. അമ്മയും നാലു സഹോദരിമാരും അനുജനും അടങ്ങുന്നതാണ് കുടുംബം. അഗളി ജി.വി.എച്ച്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു. രോഗം കൂടിയതുമൂലമുണ്ടായ വിളർച്ചയും കാലുകളുടെ സ്വാധീനക്കുറവും ഇതിനിടെയുണ്ടായ അച്ഛന്റെ വിയോഗവും സുജിതയെ തളർത്തി. കടം വാങ്ങിയ പൈസ കൊണ്ട് ആംബുലൻസ് വിളിച്ചാണ് ബന്ധുക്കൾ തൃശൂർ മെഡിക്കല് കോളജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സക്കിടെ സുജിത മരിച്ചു. ഒരുപിടി ഇല്ലായ്മകൾക്കും ദുരിതങ്ങൾക്കും ഇടയിലാണ് അട്ടപ്പാടി ഊരുകളിലെ 200 അരിവാൾ രോഗികളുടെ ജീവിതം.
ഗുളികയും പോഷകാഹാര കിറ്റും മുടങ്ങി
അരിവാൾ രോഗികൾക്ക് ദിവസവും കഴിക്കേണ്ട ഗുളിക വിതരണം ചെയ്തിട്ട് രണ്ടാഴ്ച പിന്നിട്ടു. പ്രതിമാസ ക്ലിനിക്കും മൊബൈൽ മെഡിക്കൽ യൂനിറ്റ് വഴിയുള്ള മരുന്നും മുടങ്ങി. പോഷകാഹാര കിറ്റും ലഭിക്കുന്നില്ല. ഊരുകളിലെ സമൂഹ അടുക്കള അടച്ചുപൂട്ടിയതോടെ ഭക്ഷണവും കിട്ടാത്ത അവസ്ഥ. രോഗനിർണയത്തിനായി ആരംഭിച്ച പദ്ധതിയും ഫണ്ടില്ലാതെ നിലച്ചിരിക്കുകയാണ്. ഉപകരണമുണ്ടെങ്കിലും പരിശോധനകിറ്റില്ലാത്തതിനാൽ ഇതും നോക്കുകുത്തി. രോഗ വ്യാപനം തടയാനുള്ള രക്തപരിശോധനയും കാര്യക്ഷമമല്ല. അതേസമയം, സാമ്പത്തിക ഞെരുക്കത്തിനിടയിലും അരിവാൾ രോഗികൾക്ക് നൽകുന്ന ധനസഹായം നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
ക്യാമ്പുകളുണ്ട്, പരിശോധനയില്ല
എല്ലാ ബുധനാഴ്ചയും മൊബൈൽ മെഡിക്കൽ യൂനിറ്റ് അരിവാൾരോഗ ക്യാമ്പ് സംഘടിപ്പിക്കാറുണ്ടെങ്കിലും പരിശോധന നടത്താറില്ല. നാലുമാസംമുമ്പ് അട്ടപ്പാടിയിൽ 591 പേരെ പ്രാഥമികമായി പരിശോധിച്ചപ്പോൾ 106 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇവരുടെ തുടർപരിശോധന നടത്തിയിട്ടില്ല. അട്ടപ്പാടിയിൽ 2013ലാണ് അവസാനമായി അരിവാൾരോഗ സ്ഥിരീകരണ പരിശോധന നടത്തിയത്. ഈ കണക്കുപ്രകാരം 150 പേർക്ക് മാത്രമാണ് അരിവാൾ രോഗമുള്ളത്. 2013ൽ അട്ടപ്പാടിയിൽ ആദിവാസി സമൂഹത്തിലുള്ളവർക്ക് പരിശോധന മാത്രമാണ് നടത്തിയത്. അതും പൂർണമല്ല.
രോഗികളിൽ വൻവർധന
അട്ടപ്പാടിയിൽ നടന്ന അരിവാൾ രോഗ പരിശോധനയിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധന. നാലിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 171 പേരെ പരിശോധിച്ചതിൽ 40 പേർക്ക് രോഗം കണ്ടെത്തി. പട്ടികവർഗ വികസന വകുപ്പും ആരോഗ്യ വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് രോഗികളുടെ ദുരിതത്തിന് കാരണം.
എന്താണ് അരിവാൾരോഗം?
അരിവാൾരോഗം അഥവാ സിക്കിസെൽ അനീമിയ ഒരു ജനിതക രോഗമാണ്. തലമുറകളിൽനിന്നും തലമുറകളിലേക്ക് പടരും. ജനിതകകാരണങ്ങളാൽ ശരീരത്തിലെ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗം. നാലുമാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരിൽവരെ രോഗമുണ്ടാകാം.
2047ഓടെ നിർമാർജനം ചെയ്യുമെന്ന് കേന്ദ്രം
അരിവാൾ രോഗം 2047ഓടെ രാജ്യത്തുനിന്ന് നിർമാർജനം ചെയ്യുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം രോഗബാധിതർക്കും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കും ആശ്വാസം പകരുന്നതാണ്. രോഗ നിർണയത്തിന് ആദിവാസി മേഖലകളിലെ 40 വയസ്സുവരെ പ്രായമുള്ള ഏഴുകോടി ആളുകളെ പരിശോധിക്കുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ വ്യക്തമാക്കിയത്. രോഗനിർണയത്തിന് വ്യാപക പരിശോധന നടത്തുന്നതിനൊപ്പം ബോധവത്കരണ പരിപാടികളും നടത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.