പെൻഷനും ചികിത്സയും മുടങ്ങി അരിവാൾ രോഗികൾ ദുരിതത്തിൽ
text_fieldsമാനന്തവാടി: കോവിഡ് മഹാമാരി കാലത്ത് പെൻഷനും ചികിത്സയും മുടങ്ങിയത് അരിവാൾ രോഗികളുടെ ജീവിതം പ്രതിസന്ധിയിലാക്കി. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 2500 അരിവാൾ രോഗികളുണ്ടെന്നാണ് സർക്കാറിെൻറ കണക്ക്. ഇവരുടെ ഒമ്പതു മാസത്തെ സാമൂഹിക സുരക്ഷ പെൻഷനാണ് മുടങ്ങിയിരിക്കുന്നത്. ആദിവാസി വിഭാഗത്തിലുള്ളവർക്ക് 2500 രൂപയും പൊതു വിഭാഗത്തിലുള്ളവർക്ക് 2000 രൂപയുമാണ് പ്രതിമാസം ലഭിച്ചിരുന്നത്.
ഏറെ കാലത്തെ മുറവിളികൾക്കൊടുവിൽ എട്ട് വർഷം മുമ്പാണ് പെൻഷൻ അനുവദിക്കപ്പെട്ടത്. വയനാട്ടിൽ ആണ് ഏറ്റവും അധികം അരിവാൾ രോഗികൾ ഉള്ളത്. ഇതിൽ ഭൂരിഭാഗവും ആദിവാസികളും നിർധനരുമാണ്. പെൻഷൻ മുടങ്ങിയതോടെ ഇവരുടെ പോഷകാഹാരവും നിലച്ചിരിക്കുകയാണ്. കൂടാതെ പ്രധാന സർക്കാർ ആശുപത്രികൾ എല്ലാം കോവിഡ് ആശുപത്രികളാക്കി മാറ്റിയതോടെ ചികിത്സയും ആറു മാസമായി മുടങ്ങി.
മാനന്തവാടി ജില്ല ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ഇവർക്ക് പ്രധാനമായും ചികിത്സ ലഭിച്ചിരുന്നത്. ഓണക്കാലത്ത് സർക്കാർ മറ്റ് മേഖലകളിലുള്ളവർക്ക് പെൻഷൻ അനുവദിക്കുമ്പോൾ ഈ വിഭാഗത്തെ മാത്രം അവഗണിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ ഓണക്കാലം അരിവാൾ രോഗികൾക്ക് വറുതിക്കാലമാകും. കൂടാതെ വേദന തിന്ന് കാലം കഴിയേണ്ട സ്ഥിതിയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.