ചികിത്സ കിട്ടാതെ അരിവാൾ രോഗി മരിച്ചെന്ന പരാതി; രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയില്ല
text_fieldsകൽപറ്റ: ചികിത്സ കിട്ടാതെ അരിവാൾ രോഗിയായ യുവതി മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയില്ല. വയനാട് മെഡിക്കൽ കോളജിൽനിന്ന് മകൾ സിന്ധുവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് വെള്ളമുണ്ട എടത്തിൽ പട്ടികവർഗ നഗറിലെ ഗീതയുടെ പരാതിയിലാണ് നടപടിയില്ലാത്തത്. ജില്ല മെഡിക്കൽ ഓഫിസർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടി ഇല്ലാത്തതിനാൽ പട്ടികവർഗ കമീഷനെയും മനുഷ്യാവകാശ കമീഷനെയും സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ സിന്ധു കഴിഞ്ഞ ജൂൺ രണ്ടിനാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് മരിച്ചതെന്ന് ബന്ധുക്കൾ ജില്ല മെഡിക്കൽ ഓഫിസർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. കാൽമുട്ടു വേദനയെ തുടർന്നാണ് സിന്ധുവിനെ ജൂൺ ഒന്നിന് രാവിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരിക്കെ ജൂൺ രണ്ടിന് രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ സിന്ധുവിന്റെ അമ്മ ഗീത ഡ്യൂട്ടി നഴ്സുമാരോട് കാര്യം പറഞ്ഞെങ്കിലും നഴ്സുമാർ ഗീതയോട് തട്ടിക്കയറുകയാണ് ചെയ്തതെന്നും ഡോക്ടറെ വിളിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. പിന്നീട് അവശതയിലായതിനെത്തുടർന്നാണ് ഡോക്ടർ എത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരിച്ച രോഗിയെ തങ്ങളെ സമാധാനിപ്പിക്കാനായി ഐ.സി.യുവിലേക്ക് കൊണ്ടുപോയെന്നും അമ്മ ഗീത പറഞ്ഞു. ഉച്ച കഴിയുന്നതുവരെ സിന്ധുവിന് വലിയ അവശതകൾ ഒന്നുമുണ്ടായിരുന്നില്ല. രാത്രിയോടെ അവശത അനുഭവപ്പെട്ടപ്പോഴാണ് ഡോക്ടറെ വിളിക്കാൻ നഴ്സുമാരോട് പറഞ്ഞത്. എന്നാൽ മരുന്നല്ല, ഭക്ഷണമാണ് വേണ്ടതെന്ന് പറഞ്ഞ് നഴ്സുമാർ ഭക്ഷണപാത്രം സിന്ധുവിന്റെ മടിയിൽവെച്ചുകൊടുത്തുവെന്നും ഇവർ പറഞ്ഞു.
രാത്രി ഒമ്പതോടെയാണ് സിന്ധു മരിച്ചത്. സിന്ധുവിന്റെ മരണശേഷം നഴ്സുമാരെ ആശുപത്രിയിൽനിന്ന് കാണാതായെന്നും ബന്ധുക്കൾ പരാതിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.