സിദ്ധാർഥന്റെ അമ്മ പറയുന്നു, ഒന്നു പ്രതികരിച്ചിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെടില്ലായിരുന്നു
text_fieldsകൽപറ്റ: ആ അമ്മ എല്ലാ അമ്മമാരോടുമായി പറയുന്നു, നമ്മുടെ കുഞ്ഞുങ്ങളെ പ്രതികരണശേഷിയുള്ള തലമുറയായി വളർത്തണം. അങ്ങനെ പ്രതികരിക്കാനുള്ള ആർജവം അവർക്കു നൽകിയിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു. രാത്രി ഉറങ്ങാതെ മകനായി കാത്തിരിക്കുന്ന ആ അമ്മയുടെ മനസ്സിന്, ആഴ്ചകൾ പിന്നിട്ടിട്ടും അവൻ ഇനിയില്ലെന്ന് ഉൾക്കൊള്ളാനായിട്ടില്ല.
മകനെ ഓർത്തും കണ്ണീരൊഴുക്കിയും കാണാനെത്തുവർക്കു മുന്നിൽ കരഞ്ഞു തളർന്നും ആ അമ്മ കേരള മനഃസാക്ഷിയെ വേദനിപ്പിച്ചുകൊണ്ടാണ് പൊള്ളുന്ന യാഥാർഥ്യം സമൂഹത്തോട് പറയുന്നത്. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മാതാവ് ഷീബ കണ്ണീരോടെ പറയുന്നു: ‘ഞാൻ എന്റെ മോനെ പ്രതികരണശീലം ചെറുപ്പത്തിലേ പഠിപ്പിച്ചിട്ടുണ്ട്. കോളജിൽ ഒരു പെൺകുട്ടിക്ക് പ്രശ്നം വന്നപ്പോൾ അവൾക്കായി സിദ്ധാർഥൻ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, അവനുവേണ്ടി പ്രതികരിക്കാൻ അവിടെ, ആ ആൾക്കൂട്ടത്തിൽ ഒരാളും ഇല്ലായിരുന്നു.
സംഭവം നടന്നിട്ട് ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു കുട്ടിയുടെ രക്ഷിതാവുപോലും ഫോണിൽവിളിച്ച് ഒരു ആശ്വാസവാക്ക് പറയാനുള്ള മനസ്സ് കാട്ടിയിട്ടില്ല. എങ്ങനെ സ്നേഹിക്കാം, എങ്ങനെ സൗഹൃദം മുന്നോട്ടുകൊണ്ടുപോകാം, എങ്ങനെ മറ്റുള്ളവരെ സഹായിക്കാമെന്നാണ് ചെറുപ്പം മുതൽ മക്കളെ ചൊല്ലിക്കൊടുത്തു വളർത്തിയത്. വീട്ടിലടക്കം എല്ലാവരോടും നല്ല സൗഹൃദമായിരുന്നു മകന്. റാഗിങ്ങിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല.
വീട്ടിലേക്ക് പുറപ്പെട്ട മകൻ കോളജിലെ അത്യാവശ്യമായി നൽകേണ്ട ഒരു പേപ്പർ എന്റെ കൈയിലാണെന്നും അത് തിരിച്ചുകൊടുക്കാൻ പോകുന്നുവെന്നും പറഞ്ഞാണ് പാതിവഴിയിൽ എറണാകുളത്തുനിന്ന് വയനാട്ടിലേക്കു തിരിച്ചത്. അതുകഴിഞ്ഞ് പിന്നെ ചുരുങ്ങിയ വാക്കുകളിലാണ് സംസാരിച്ചിരുന്നത്. പിന്നീട് അവന്റെ സുഹൃത്തിനെയാണ് വിളിച്ചത്. അവനും പക്ഷേ ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും എല്ലാം സംഭവിച്ചിരുന്നു.
പക്ഷേ, ഞങ്ങൾ മാത്രം ഒന്നും അറിഞ്ഞില്ല. ഇപ്പോൾ ഒരു ചിന്ത മാത്രമാണ് മനസ്സിലുള്ളത്; ഏതറ്റംവരെ പോയാലും കുറ്റം ചെയ്തവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നുമാത്രം.ആ മക്കൾ ശിക്ഷ ഏറ്റു വാങ്ങുമ്പോൾ അതു സഹിക്കാനുള്ള മനഃശക്തി അവരുടെ അമ്മമാർക്ക് കിട്ടട്ടെയെന്ന പ്രാർഥന മാത്രമേയുള്ളൂവെന്നും തിരുവനന്തപുരം നെടുമങ്ങാട് വിനോദ്നഗർ പവിത്രം കുന്നുപുറത്ത് വീട്ടിലിരുന്ന് അവർ കണ്ണീരോടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.