സിദ്ധാർഥന്റെ മരണത്തിലെ സി.ബി.ഐ അന്വേഷണം; തീരുമാനം മറ്റ് വഴികളില്ലാതെ
text_fieldsതിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്. പ്രശ്നം ഒതുക്കാൻ പ്രതികളായ എസ്.എഫ്.ഐക്കാരെ കൈവിടുകയല്ലാതെ മറ്റ് വഴികളൊന്നും സർക്കാറിന് മുന്നിലുണ്ടായിരുന്നില്ല. കോളജ് ഹോസ്റ്റലിൽ കൊടുംക്രൂരതക്കിരയായി മരിച്ച മകന് നീതി തേടിയ പിതാവിന്റെ പോരാട്ടത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാത്ത പിന്തുണയാണ് ലഭിച്ചത്. പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെ സർക്കാർ മുൾമുനയിലായി.
ടി.പി. ചന്ദ്രശേഖരൻ കേസിൽ രണ്ട് സി.പി.എം നേതാക്കളെ ഹൈകോടതി ശിക്ഷിച്ചത് ചൂണ്ടിക്കാട്ടി അക്രമ രാഷ്ട്രീയം കോൺഗ്രസ് തെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ്. അതിനൊപ്പം സിദ്ധാർഥന്റെ മരണം ഉയർത്തി കാമ്പസുകളിൽ എസ്.എഫ്.ഐ ഭീകരവാഴ്ചയെന്ന പ്രചാരണവും ചേരുമ്പോൾ സി.പി.എമ്മിന്റെയും സർക്കാറിന്റെയും പ്രതിരോധം ദുർബലമാണ്. ഈ പ്രതിസന്ധിയിൽനിന്ന് കരകയറാനാണ് സിദ്ധാർഥന്റെ മരണത്തിൽ ഇതുവരെ ഒരു പ്രതികരണവും നടത്താതിരുന്ന മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിന് വഴങ്ങാൻ തയാറായത്.
വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നു. തുടർന്നാണ് കുടുംബത്തിന് ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. സി.ബി.ഐക്ക് വിടാമെന്ന് കുടുംബത്തിന് ഉറപ്പുനൽകിയ മുഖ്യമന്ത്രി, അവർ വീട്ടിൽ തിരിച്ചെത്തുമ്പോഴേക്ക് ഉത്തരവിൽ ഒപ്പുവെക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തിൽ അതൃപ്തി പലകുറി പരസ്യമായി പറഞ്ഞ സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് സി.ബി.ഐ അന്വേഷണത്തിനായി നിരാഹാരമിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരുന്ന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നിരാഹാരം ആറാംദിനത്തിലേക്ക് കടന്നതോടെ സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രതിപക്ഷം. മാത്രമല്ല, കുടുംബം കോടതിയെ സമീപിച്ചാൽ സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കാനുള്ള സാധ്യത സംബന്ധിച്ച മുന്നറിയിപ്പും സി.പി.എമ്മിന് ലഭിച്ചു. കേസിൽ നിലവിൽ പ്രതിചേർക്കപ്പെട്ടത് എസ്.എഫ്.ഐക്കാർ ഉൾപ്പെടെ 20 വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.