സിദ്ധാർഥനെ കൊന്നതാണെന്ന വെളിപ്പെടുത്തൽ: വാർഡ് മെംബർക്ക് നോട്ടീസ്
text_fieldsകൽപറ്റ: ജെ.എസ്. സിദ്ധാർഥനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി പറഞ്ഞതായി വെളിപ്പെടുത്തിയ വൈത്തിരി പഞ്ചായത്ത് എട്ടാം വാർഡ് അംഗവും കോൺഗ്രസ് പ്രവർത്തകനുമായ എൻ.കെ. ജ്യോതിഷ് കുമാറിന് കൽപറ്റ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ഓഫിസിൽ ഹാജരാകാൻ നോട്ടീസ്.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വസ്തുതകളും സാഹചര്യങ്ങളും കണ്ടെത്തുന്നതിന് ചോദ്യം ചെയ്യാൻ മാർച്ച് ഏഴിന് രാവിലെ 10.30ന് ഹാജരാകാനാണ് ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ, ജ്യോതിഷ് കുമാർ അന്ന് ഹാജരായിരുന്നില്ല. ആവശ്യപ്പെടുന്ന സമയത്തെല്ലാം കേസിന്റെ അന്വേഷണത്തിൽ പങ്കുചേരണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും നോട്ടീസിലുണ്ട്.
പാർട്ടി സംബന്ധിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും തിങ്കളാഴ്ച ഹാജരാവാൻ നിർദേശമുണ്ടെന്നും ജ്യോതിഷ് കുമാർ പറഞ്ഞു. സിദ്ധാർഥനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയശേഷം രണ്ടുപേർ അകത്തുകയറി വാതിലടച്ചുവെന്നും ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ പുറത്തുനിന്ന് വാതിൽ പൊളിച്ച് അകത്തുകയറിയെന്നും സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് കാമ്പസിന് പുറത്ത് നടക്കുന്ന സമരത്തിനിടെ എത്തിയ രണ്ടു വിദ്യാർഥികളിൽ ഒരാൾ പറഞ്ഞെന്നാണ് ജ്യോതിഷ് കുമാർ പറയുന്നത്. വിദ്യാർഥിയോട് പേര് ചോദിച്ചപ്പോൾ ഭയം കാരണം ഒഴിഞ്ഞുമാറുകയാണെന്നും കോളജിലെ വിദ്യാർഥിയാണെന്ന് അവൻ തന്നെയാണ് പറഞ്ഞതെന്നും ജ്യോതിഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.