സിദ്ധാർഥന്റെ മരണം: വി.സിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണം അന്വേഷിച്ച ജുഡീഷ്യൽ കമീഷൻ ഗവർണർക്ക് റിപ്പോർട്ട് കൈമാറി. സർവകലാശാല വൈസ് ചാൻസലർ, അസിസ്റ്റന്റ് വാർഡൻ, അധ്യാപകർ, സിദ്ധാർഥന്റെ അച്ഛനമ്മമാർ, സഹപാഠികൾ തുടങ്ങി 28 പേരിൽനിന്ന് കമീഷൻ മൊഴിയെടുത്തിരുന്നു.
മുൻ വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥിന് സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സിദ്ധാർഥന്റെ മരണം നടക്കുന്ന ദിവസം വി.സി കാമ്പസിലുണ്ടായിരുന്നു. സമയബന്ധിതമായി ഇടപെടൽ നടത്താൻ വി.സി തയാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിവരം പുറത്തുവന്നതിനു പിന്നാലെ വി.സിയെ ഗവർണർ പുറത്താക്കിയിരുന്നു.
സിദ്ധാർഥന്റെ മാതാപിതാക്കൾ ഗവർണറെ നേരിൽ കണ്ടതിനു പിന്നാലെ മേയിലാണ് അന്വേഷണത്തിനായി ജുഡീഷ്യൽ കമീഷനെ നിയമിച്ചത്. ജസ്റ്റിസ് ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നന്നത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. രാജ്ഭവനിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
സർവകലാശാലക്ക് ഭരണപരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന വിഷയത്തിലും അന്വേഷണം നടത്താൻ നിർദേശമുണ്ടായിരുന്നു. അത്തരത്തിൽ പിഴവില്ലെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെ ആയിരുന്നു കമീഷനെ നിയോഗിച്ചത്. കാമ്പസിലെ റാഗിങ് ഇല്ലാതാക്കാനുള്ള നിർദേശങ്ങളും കമീഷൻ അവതരിപ്പിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോസ്റ്റലിലെ കുളിമുറിയിൽ സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.