സിദ്ധാർഥന്‍റെ മരണം: പ്രതികളെ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റിന്‍റെ വീട്ടിൽ പോയിട്ടില്ലെന്ന് സി.കെ. ശശീന്ദ്രൻ
text_fieldsകൽപറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ മരിച്ച കേസിലെ പ്രതികളെ ഹാജരാക്കുമ്പോൾ മജിസ്ട്രേറ്റിന്‍റെ വീട്ടിൽ പോയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സമിതിയംഗവും മുൻ എം.എൽ.എയുമായ സി.കെ. ശശീന്ദ്രൻ. പ്രതികളെ എത്തിച്ചപ്പോൾ കോടതി വളപ്പിൽ പോയിരുന്നുവെന്നും സി.കെ. ശശീന്ദ്രൻ വ്യക്തമാക്കി.
കോടതി വളപ്പിൽ കണ്ട രക്ഷിതാക്കളുമായി സംസാരിച്ചിട്ടുണ്ട്. ഒരു പ്രതിക്ക് വേണ്ടിയും പാർട്ടി ഇടപെട്ടിട്ടില്ല. തെറ്റായ പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ അറിയപ്പെട്ട അഭിഭാഷകനായ കോൺഗ്രസ് നേതാവും കോടതി വളപ്പിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മകനും കേസിൽ പ്രതിയാണ്. കേസിലെ പ്രതികൾക്കായി അഭിഭാഷകനെ ഏർപ്പെടുത്തി കൊടുത്തിട്ടില്ല. ഒരു പ്രതിക്ക് വേണ്ടിയും ഇടപെടരുതെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ടെന്നും സി.കെ. ശശീന്ദ്രൻ വ്യക്തമാക്കി.
മുഖ്യപ്രതിയും കൊല്ലം ഓടനാവട്ടം സ്വദേശിയുമായ സിൻജോ ജോൺസൺ (21) അടക്കം കേസിലെ 18 പ്രതികളും പൊലീസിന്‍റെ പിടിയിലാണ്. കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ സി.കെ. ശശീന്ദ്രൻ എത്തിയെന്നും ജഡ്ജിയുടെ ചേംബറിൽ കയറാൻ ശ്രമിച്ചെന്നും കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആരോപിച്ചിരുന്നു.
ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.
മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.