സിദ്ധാർഥിന്‍റെ മരണം: വെറ്ററിനറി വി.സിയുടെ സസ്പെൻഷൻ ഹൈകോടതി ശരിവെച്ചു,‘ആത്മഹത്യയിലേക്ക് നയിച്ച സംഭവം അതിഗുരുതരമാണ്’
text_fieldsകൊച്ചി: കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ചാൻസലർ കൂടിയായ ഗവർണറുടെ ഉത്തരവ് ഹൈകോടതി ശരിവെച്ചു. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത നടപടി ചോദ്യംചെയ്ത് ശശീന്ദ്രനാഥ് നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍റെ ഉത്തരവ്.
വെറ്ററിനറി സർവകലാശാല നിയമപ്രകാരം സസ്പെൻഡ് ചെയ്യാൻ ചാൻസലർക്ക് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. ഡീനിന്‍റെ മേൽനോട്ടത്തിലുള്ള അഫിലിയേറ്റഡ് കോളജിൽ നടന്ന സംഭവത്തിൽ താൻ ഉത്തരവാദിയല്ല. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. അറിഞ്ഞപ്പോൾ അന്വേഷണത്തിന് ഡീനിനോട് നിർദേശിക്കുകയും ഉത്തരവാദികളായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. അതിനാൽ, കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ഹരജിക്കാരൻ വാദിച്ചു. എന്നാൽ, നിയമനാധികാരി എന്ന നിലയിൽ മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ച് ചാൻസലർ വാദിച്ചു. ചാൻസലറും വൈസ് ചാൻസലറും തമ്മിൽ തൊഴിലുടമ-തൊഴിലാളി ബന്ധം നിലവിലില്ലാത്തതിനാൽ വി.സിയെ സസ്പെൻഡ് ചെയ്യാൻ ചാൻസലർക്ക് അധികാരമില്ലെന്ന് സർക്കാറും ചൂണ്ടിക്കാട്ടി.
അധികാര ദുരുപയോഗം, സ്വഭാവദൂഷ്യം, ഫണ്ട് വിനിയോഗത്തിലെ കെടുകാര്യസ്ഥത തുടങ്ങിയ കാരണങ്ങളുടെ അടിസ്ഥാനത്തിൽ വി.സിയെ സസ്പെൻഡ് ചെയ്യാൻ വെറ്ററിനറി സർവകലാശാല നിയമത്തിലെ 9(9), 12(8)(1) പ്രകാരം ചാൻസലർക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചാൻസലർക്ക് അധികാരം നൽകുന്ന കാരണങ്ങളുടെ പരിധിയിൽ വരുന്നതാണ് വി.സിക്കെതിരായ ആരോപണങ്ങൾ. ഡീനിന്‍റെ ചുമതലയിലുള്ള കോളജിലാണ് സംഭവം നടന്നതെന്ന് അംഗീകരിച്ചാലും സർവകലാശാലക്കകത്ത് ഹരജിക്കാരന്‍റെ ഓഫിസ് ഇരിക്കുന്ന വളപ്പിനകത്താണ് ഈ കോളജെന്ന കാര്യം അവഗണിക്കാനാവില്ല. ഫെബ്രുവരി 16 മുതൽ സിദ്ധാർഥൻ മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് പീഡനത്തിനിരയാവുകയാണ്. 18 വരെ തുടർന്നു. ആത്മഹത്യയിലേക്ക് നയിച്ച സംഭവം അതിഗുരുതരമാണ്. ആന്‍റിറാഗിങ് സെല്ലിന്‍റെ പരാതി ലഭിക്കുന്ന ഫെബ്രുവരി 21 വരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നും മൃതദേഹത്തിൽ മുറിവുകളുണ്ടായിട്ടും അധികൃതർ ഗൗരവത്തിലെടുത്തില്ലെന്നുമുള്ള ചാൻസലറുടെ വാദവും കോടതി ശരിവെച്ചു. ഹോസ്റ്റലിൽ സിദ്ധാർഥ് പീഡനത്തിനിരയായത് അധികൃതർ അറിഞ്ഞില്ലെന്ന വാദം അവിശ്വസനീയമാണ്.
ഹരജിക്കാരൻ അടക്കമുള്ള അധികൃതരുടെ വീഴ്ചയും കെടുകാര്യസ്ഥതയും വ്യക്തമാണ്. അതിനാൽ, സംഭവത്തിൽ സ്വതന്ത്രവും ഫലപ്രദവുമായ അന്വേഷണവും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കേണ്ടതും അനിവാര്യമാണ്. തൊഴിലുടമ-തൊഴിലാളി ബന്ധമില്ലെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ സ്വതന്ത്രവും ഫലപ്രദവുമായ അന്വേഷണത്തിന് തടസ്സമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി വി.സിയെ അന്വേഷണം തീരുംവരെ സ്ഥാനത്തുനിന്ന് മാറ്റിനിർത്താനുള്ള അധികാരവും ബാധ്യതയും ചാന്‍സലർക്കുണ്ട്. സസ്പെൻഷൻ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തീരുംവരെ വി.സി എന്ന തരത്തിലുള്ള ജോലികൾ ചെയ്യരുത് എന്ന നിർദേശമാണ് ചാൻസലർ നൽകുന്നതെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരന് തന്‍റെ വാദങ്ങളെല്ലാം അന്വേഷണ ഘട്ടത്തിൽ വ്യക്തമാക്കാമെന്ന അവകാശം നിലനിർത്തിയാണ് ഹരജി തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.