സിദ്ധാർഥന്റെ മരണം: ഹൈക്കോടതി നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷണം വേണം -വി.എം.സുധീരൻ
text_fieldsനെടുമങ്ങാട്: വയാ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം ആത്മഹത്യ എന്ന നിലയിൽ എഴുതിത്തള്ളാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ പറഞ്ഞു. സിദ്ധാർഥന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് സുധീരന്റെ പ്രതികരണം. പൊതുസമൂഹത്തിനും സിദ്ധാർഥന്റെ കുടുംബത്തിനും നിലവിലെ അന്വേഷണം തൃപ്തികരമല്ല. ഹൈകോടതിയുടെ നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തുടക്കത്തിൽ തന്നെ പൊലീസ് ഈ സംഭവം ആത്മഹത്യ ആക്കി മാറ്റണം എന്ന നിലയിലാണ് കൊണ്ടുപോകുന്നത്. കോളജ് അധികൃതരുടെയും ഡീനിന്റെയും അഭിപ്രായങ്ങൾ ആ നിലയിലാണ്. ഉത്തരേന്ത്യയിലും മറ്റും നടന്നുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെ തനിയാവർത്തനമാണ് ഈ ക്യാമ്പസിൽ നടന്നിരിക്കുന്നത്. മൂന്നു ദിവസത്തെ ഭീകരമായ മർദനവും പട്ടിണിയും കൊണ്ട് കോമയിലായ സിദ്ധാർഥന് എങ്ങനെ ആത്മഹത്യ ചെയ്യാൻ കഴിയുമെന്നും സുധീരൻ ചോദിച്ചു.
മരണത്തിന് ശേഷവും സിദ്ധാർഥനെതിരെ പരാതി എഴുതി വാങ്ങിയത് തന്നെ മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സിദ്ധാർഥന്റെ കുടുംബത്തിന് നീതി ലഭിക്കാനും ഹൈകോടതിയുടെ നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷണം കൂടിയേതീരൂ എന്നും വി.എം സുധീരൻ പറഞ്ഞു. നിയമ പോരാട്ടത്തിന് സിദ്ധാർഥന്റെ കുടുംബത്തിന് ഏതറ്റം വരെയും പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
നെടുമങ്ങാട് സിദ്ധാർഥൻറെ വീട്ടിൽ മാതാപിതാക്കളെ സന്ദർശിച്ച സുധീരനൊപ്പം കോൺഗ്രസ് നേതാക്കളായ മണക്കാട് സുരേഷ്, വിതുര ശശി, തേക്കട അനിൽ, അഡ്വ. എസ്. അരുൺകുമാർ, ടി അർജുനൻ, സൈദലി , ഹാഷിം, റഷീദ് നഗരസഭ കൗൺസിലർ എൻ ഫാത്തിമ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.