സിദ്ധാർഥന്‍റെ കുടുംബം പ്രതിപക്ഷ നേതാവിനെ കണ്ടു; എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പരസ്യവിചാരണക്കും മർദനത്തിനു ഇരയായതിന് പിന്നാലെ മരിച്ച സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് കന്‍റോൺമെന്‍റ് ഹൗസിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കണ്ടു. കൊലയാളികളെ സര്‍ക്കാരും പൊലീസും സി.പി.എം നേതാക്കളും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന ആശങ്ക ജയപ്രകാശിനും കുടുംബത്തിനുമുണ്ടെന്നും കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
കൊലയാളികളെ സംരക്ഷിക്കാനാണ് തുടക്കം മുതല്‍ക്കെ ഡീനും പൊലീസും ശ്രമിച്ചത്. പ്രതിപക്ഷ വിദ്യാർഥി, യുവജന, മഹിള സംഘടനകളുടെ സമരവും തെരഞ്ഞെടുപ്പിന്റെ സമ്മര്‍ദ്ദവുമാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കിയത്. എന്നാല്‍ കേസ് സി.ബി.ഐക്ക് കൈമാറുന്നത് പരാമാവധി വൈകിപ്പിച്ച്, തെളിവുകള്‍ നശിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനാണ് സര്‍വകലാശാലയും സി.പി.എമ്മും പൊലീസും ശ്രമിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കും -വി.ഡി. സതീശൻ പറഞ്ഞു.
അതിനിടെ, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സർവകലാശാലയിലെ 33 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കി. ഇവരുടെ സസ്പെൻഷൻ പുന:സ്ഥാപിച്ചുകൊണ്ട് ഡീൻ ഉത്തരവിട്ടു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലിനു പിന്നാലെ ആണ് നടപടി. വിദ്യാർഥികൾ നാളെമുതല്‍ ഏഴ് പ്രവൃത്തിദിനം വീണ്ടും സസ്‌പെന്‍ഷന്‍ നേരിടണം. ഇവരോട് ഹോസ്റ്റല്‍ ഒഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് 33 വിദ്യാർഥികളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ 31 പേര്‍ ഒന്നാം വര്‍ഷ വിദ്യാർഥികളും രണ്ട് സീനിയര്‍ വിദ്യാർഥികളും ഉള്‍പ്പെടും. നടപടി കാലാവധി പൂര്‍ത്തിയായതോടെ ഇവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് സസ്‌പെന്‍ഷന്‍ വി.സി പിന്‍വലിക്കുകയായിരുന്നു.
എന്നാൽ, വിദ്യാര്‍ഥികളെ വി.സി തിരിച്ചെടുത്ത നടപടി റദ്ദാക്കാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിക്കുകയായിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ റിപ്പോര്‍ട്ടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പി.സി. ശശീന്ദ്രൻ രാജിവെക്കുകയും ചെയ്തു. ഇദ്ദേഹം ഗവർണർക്ക് ഇന്നലെ രാജിക്കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.