പിന്തുണക്ക് നന്ദി പറയാൻ സിദ്ദീഖ് കാപ്പനും ഭാര്യയും പാണക്കാട്ടെത്തി
text_fieldsമലപ്പുറം: മുസ്‍ലിം ലീഗ് നേതാക്കളും പ്രവർത്തകരും നൽകിയ പിന്തുണക്ക് നന്ദി അറിയിക്കാൻ സിദ്ദീഖ് കാപ്പനും ഭാര്യ റൈഹാനയും പാണക്കാട്ടെത്തി. സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. തിങ്കളാഴ്ച മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം കാപ്പനെ വീട്ടിൽ സന്ദർശിച്ചിരുന്നു.
നേരത്തെ സിദ്ദീഖ് കാപ്പന് നിയമസഹായം അഭ്യർഥിച്ച് ഭാര്യ റൈഹാന യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളെയും ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയും കണ്ടിരുന്നു. കാപ്പന്റെ ഭാര്യയും ബന്ധുക്കളും വരുന്നതറിഞ്ഞ് സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ മുനവ്വറലി തങ്ങൾ വിളിച്ചു വരുത്തുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. നീതിക്കായി അലയുന്ന റൈഹാനയെ ഒറ്റപ്പെടുത്തില്ലെന്നും കേരളം ഒറ്റക്കെട്ടായി കാപ്പന്റെ മോചനത്തിനായി നിൽക്കുമെന്നും മുനവ്വറലി തങ്ങൾ അന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പുകൾ പാലിക്കപ്പെട്ടതിൽ ഏറെ സന്തോഷവും കടപ്പാടുമുണ്ടെന്ന് കാപ്പനും ഭാര്യയും അറിയിച്ചു. പാർലമെന്റിൽ മുസ്‍ലിം ലീഗ് എം.പിമാരുടെ ഇടപെടലിനും അവർ നന്ദി അറിയിച്ചു.
തുടർന്നും നിയമസഹായത്തിനും രാഷ്ട്രീയ പോരാട്ടത്തിനും സിദ്ദീഖ് കാപ്പനൊപ്പം പാർട്ടി ഉണ്ടാകുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, അഡ്വ. ഡാനിഷ് എന്നിവരും സംബന്ധിച്ചു.
2020 ഒക്ടോബറിൽ ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് യുവതി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. 28 മാസത്തെ ജയിൽ വാസത്തിനും ഒന്നര മാസത്തെ ഡൽഹിയിലെ കരുതൽ തടങ്കലിനും ശേഷം തിങ്കളാഴ്ച രാത്രിയാണ് കാപ്പൻ സ്വന്തം വീട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.