മാതാവിനെ സന്ദർശിച്ച് സിദ്ദിഖ് കാപ്പൻ തിരികെ ജയിലിലെത്തി
text_fieldsന്യൂഡൽഹി: അഞ്ച് ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ മാതാവിനെ സന്ദർശിച്ച് തിരികെ ജയിലിലെത്തി. കോടതി ഉത്തരവനുസരിച്ച് യു.പി പൊലീസിന്‍റെ സുരക്ഷയിലായിരുന്നു കാപ്പന്‍റെ വീട്ടിലേക്കുള്ള യാത്രയും മടക്കവും. അസുഖ ബാധിതയായ മാതാവിനെ കാണാൻ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് കാപ്പൻ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയത്. പിറ്റേന്ന് രാവിലെയാണ് അദ്ദേഹം മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തിയത്. രോഗബാധിതയായി അവശനിലയിലായ മാതാവിനെ വീഡിയോ കോൺഫറൻസ് മുഖേന കാണാൻ കാപ്പനെ കോടതി അനുവദിച്ചിരുന്നെങ്കിലും അർദ്ധബോധാവസ്ഥയിലായതിനാൽ കാണാൻ സാധിച്ചില്ല. പിന്നീടാണ് കർശന ഉപാധികളോടെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
കാപ്പനെ കണ്ടപ്പോൾ ഉമ്മ പ്രതികരിച്ചുവെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു. അവർ പുഞ്ചിരിക്കുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. അദ്ദേഹം പോയപ്പോൾ എവിടെ പോകുന്നുവെന്ന് ഉമ്മ ചോദിച്ചു. കോഴിക്കോട് ജോലിക്ക് പോകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതോടെ ഉമ്മ മൗനത്തിലായി. ഞങ്ങളുെടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ ഉമ്മ മനസ്സിലാക്കിയിരിക്കാമെന്നും റൈഹാനത്ത് മീഡിയ വണിനോട് പറഞ്ഞു.
ഉത്തർ പ്രദേശ് പൊലീസിലെ ആറു ഉദ്യോഗസ്ഥരാണ് കാപ്പനെ അനുഗമിച്ചത്. പൊലീസുകാരെല്ലാം നല്ല രീതിയിലാണ് പെരുമാറിയതെന്ന് അവർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിലും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും കോടതി കാപ്പനെ വിലക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ പത്തോടെ താൻ മഥുര ജയിലെത്തിയെന്നു പറഞ്ഞു കാപ്പൻ വിളിച്ചതായും റൈഹാനത് പറഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീം കോടതി കാപ്പന്റെ ജാമ്യ ഹരജി പരിഗണിക്കുക
ഹാഥ്റസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മൂന്ന് പേരെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.