സിദ്ധീഖ് കാപ്പൻ വീടണഞ്ഞു; നഷ്ടമായത് 30 മാസം
text_fieldsവേങ്ങര: കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറിയായിരുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ 28 മാസത്തെ ജയിൽ വാസത്തിനും ഒന്നര മാസത്തെ ഡൽഹിയിലെ കരുതൽ തടങ്കലിനും ശേഷം തിങ്കളാഴ്ച രാത്രി 9.30ഓടെ സ്വന്തം വീടണഞ്ഞു.
രാത്രി എട്ടിന് കോഴിക്കോട് വിമാനത്താവളത്തിൽ ഭാര്യയോടൊപ്പം എത്തിയ കാപ്പൻ 9.30ഓടെ കണ്ണമംഗലം പൂച്ചോലമാടുള്ള സ്വന്തം വീട്ടിലെത്തി. മക്കളും മറ്റു കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന് ഹൃദ്യമായ വരവേൽപ്പ് നൽകി. ജയിൽ ജീവിതത്തിനിടെ സിദ്ദീഖ് കാപ്പന്റെ മാതാവ് മരണപ്പെട്ടിരുന്നു. അവസാനമായി മാതാവിന്റെ മുഖം കാണാൻ പോലും അദ്ദേഹത്തിന് അനുവാദം ലഭിച്ചിരുന്നില്ല. 2020ൽ ഉത്തർപ്രദേശിലെ ഹാഥറസിൽ നടന്ന ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ അവിടം സന്ദർശിക്കുന്ന വേളയിൽ യു.പി പൊലീസ് കാപ്പനെയും സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഹാഥറസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ശേഷം യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി തടവിലിടുകയായിരുന്നു.
ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും പൂർണ വിശ്വാസമുണ്ടെന്നും നീതിക്കായി തന്നോടൊപ്പം നിന്ന മുഴുവൻ മനുഷ്യരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും നന്ദി അറിയിക്കുന്നുവെന്നും സിദ്ദീഖ് കാപ്പൻ ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ തിങ്കളാഴ്ചയും വേങ്ങര പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശമുള്ളതായും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.