''ഞാൻ മെഹ്നാസ് കാപ്പൻ, ഇരുട്ടറയിൽ തളക്കപ്പെട്ട സിദ്ദീഖ് കാപ്പന്റെ മകൾ''-സ്വാതന്ത്ര്യദിനത്തിൽ വൈറലായി കുഞ്ഞുബാലികയുടെ പ്രസംഗം
text_fieldsമലപ്പുറം: ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ ജയിലിൽ കഴിയുന്ന പിതാവിനെ ഓർത്ത് നെഞ്ചകം വിങ്ങി മെഹ്നാസ് കാപ്പൻ നടത്തിയ പ്രസംഗം ഹൃദയത്തിലേറ്റിയത് ആയിരങ്ങൾ. യു.എ.പി.എ ചുമത്തപ്പെട്ട് യു.പി ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകളാണ് മെഹ്നാസ്. സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഈ ഒമ്പതു വയസുകാരി പ്രസംഗിച്ചത്. ''ഞാൻ മെഹ്നാസ് കാപ്പൻ,ഒരു പൗരന്റെ എല്ലാ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയിൽ തളക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകൾ'' -എന്നാണ് ഈ മിടുക്കി തന്നെ പരിചയപ്പെടുത്തിയത്.
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഭഗത് സിങ്ങിന്റെയും എണ്ണിയാലൊടുങ്ങാത്ത പുണ്യാത്മക്കളുടെയും വിപ്ലവനായകന്മാരുടെയും ജീവത്യാഗത്തിന്റെ ഫലമായി നമുക്ക് നേടിയെടുക്കാൻ സാധിച്ചതാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യമെന്ന് അവൾ ഓർമപ്പെടുത്തി. ഓരോ ഭാരതീയനും അവൻ എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തിരഞ്ഞെടുക്കണമെന്നതിനെല്ലാം സ്വാതന്ത്ര്യമുണ്ട്. ഇതിനെല്ലാമുപരി അഭിപ്രായസ്വാതന്ത്ര്യവുമുണ്ടെന്നും അവൾ ചൂണ്ടിക്കാട്ടി.
ഇറങ്ങിപ്പോകാൻ പറയുന്നവരോട് എതിരിടാൻ ഓരോ ഭാരതീയനും അവകാശമുണ്ട്. പുനർജന്മമായി ആഗസ്റ്റ് 15ന് ഉയർത്തെഴുന്നേൽക്കപ്പൈട്ട ഇന്ത്യാ മഹാരാജ്യത്തിന്റെ അന്തസിനെ ആരുടെ മുന്നിലും അടിയറവുവച്ചുകൂടാ. എന്നാൽ ഇന്നും അശാന്തി എവിടയൊക്കെയോ പുകയുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് മതം, വർണം, രാഷ്ട്രീയം ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ നടക്കുന്ന അക്രമങ്ങൾ.
ഇതിനെയെല്ലാം ഒരുമിച്ച് സ്നേഹത്തോടെ, ഐക്യത്തോടെ നിന്ന് പിഴുതെറിയണം. അശാന്തിയുടെ നിഴലിനെ പോലും മായ്ച്ചു കളയണമെന്നും മെഹ്നാസ് ആഹ്വാനം ചെയ്തു. ഭിന്നതയും കലാപവുമില്ലാത്ത നല്ല നാളുകൾ പുലരട്ടെയെന്നും ഈ മിടുക്കി ആശംസിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള ജി.എൽ.പി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മെഹ്നാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.