സിദ്ദീഖിന്റെ മുൻകൂർജാമ്യ ഹരജി വിധിപറയാൻ മാറ്റി
text_fieldsകൊച്ചി: യുവനടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദീഖ് നൽകിയ മുൻകൂർജാമ്യ ഹരജി ഹൈകോടതി വിധിപറയാൻ മാറ്റി. പരാതിക്കാരി തനിക്കെതിരെ വർഷങ്ങൾക്കുമുമ്പ് ആരോപണമുന്നയിച്ചപ്പോൾ ബലാത്സംഗം സംബന്ധിച്ച ആരോപണമുണ്ടായിരുന്നില്ലെന്നതടക്കം ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്.
പീഡനത്തെക്കുറിച്ച് 2019 മുതൽ സമൂഹമാധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തുന്നുണ്ടെന്ന് സർക്കാറിനുവേണ്ടി ഹാജരായ സ്പെഷൽ ഗവ. പ്ലീഡർ പി. നാരായണൻ കോടതിയിൽ ചൂണ്ടിക്കാട്ടി. 2014 മുതൽ ചാറ്റ് ചെയ്യാറുണ്ട്. സിദ്ദീഖാണ് ആദ്യമായി ചാറ്റ് ചെയ്തത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുംമുമ്പുതന്നെ സംഭവം നടന്ന മുറിയെക്കുറിച്ച് യുവതി വിശദീകരിച്ചിരുന്നു. മുറി അതുതന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മാസ്കറ്റ് ഹോട്ടലിൽ തന്നെ മാനഭംഗപ്പെടുത്തി എന്നടക്കമുള്ള നടിയുടെ ആരോപണങ്ങളെക്കുറിച്ച് സിദ്ദീഖ് പ്രതികരിച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പ്രതികൾ ശക്തരായതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് ഇരയായ നടിയും വ്യക്തമാക്കി. എല്ലാ കക്ഷികളുടെയും വാദം പൂർത്തിയാക്കിയ കോടതി, തുടർന്ന് ഹരജി വിധിപറയാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.