സിദ്ധാർത്ഥന്റെ മരണം വെളിവാക്കുന്നത് എസ്.എഫ്.ഐയുടെ ഗുണ്ടായിസം -പ്രശാന്ത് ഭൂഷൺ
text_fieldsകൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം വെളിവാക്കുന്നത് എസ്.എഫ്.ഐയുടെ ഗുണ്ടായിസമാണെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. കൊച്ചിയിലെത്തിയ അദ്ദേഹം ഇന്നലെ പ്രസ് ക്ലബിന്റെ വോട്ട് ആൻഡ് ടോക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
'പൊലീസ് കൃത്യമായി പ്രവർത്തിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണ്. ഇത് കേരളത്തിൽ ഞാൻ കാണുന്ന ഒരു പ്രശ്നമാണ്. സി.പി.എമ്മും അവരുടെ അണികളും നിയമം ലംഘിക്കുന്നു. ഇത് കേന്ദ്രത്തിൽ കാണുന്നതിന് സമാനമാണ്. അവിടെ അവരുടെ ആൾക്കൂട്ടത്തിന് എന്ത് വേണമെങ്കിലും ചെയ്യാനുള്ള പരിപൂർണ സ്വാതന്ത്രമാണ്. സമാന രീതിയിലാണ് കേരളത്തിൽ സി.പി.എമ്മും എസ്.എഫ്.ഐയും മറ്റുള്ളവരോട് ചെയ്യുന്നത്. അതിന് തീർച്ചയായും അവസാനമുണ്ടാകണം' -പ്രശാന്ത് ഭൂഷൺ പറഞ്ഞു.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു. വോട്ടുയന്ത്രത്തിൽ കൃത്രിമത്വം നടത്തുകയാണെങ്കിൽ മാത്രമേ ഇനിയൊരിക്കൽകൂടി നരേന്ദ്ര മോദിക്ക് അധികാരത്തിലേറാൻ കഴിയൂ. ഇന്ന് എല്ലായിടത്തും മോദി മോദി എന്ന പേരു മാത്രമേയുള്ളൂ. സർക്കാറിന്റെ പണം മുഴുവൻ മോദിയെ ഉയർത്തിക്കാട്ടാൻ ഉപയോഗിക്കുകയാണ്. എന്നാൽ, ഈ പ്രചാരണത്തിനും പ്രൊപഗാണ്ടക്കും അപ്പുറം സമൂഹത്തിലെ വലിയൊരുവിഭാഗം ജനങ്ങളും ഈ വ്യവസ്ഥിതിയിൽ അസംതൃപ്തരും അസന്തുഷ്ടരുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ജനാധിപത്യ രാജ്യത്തോട് അവർ ചെയ്യുന്നതും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിക്കുന്നതും മറുവശത്ത് അദാനി, അംബാനിമാരെ പോലുള്ളവർ തടിച്ചുകൊഴുക്കുന്നതുമെല്ലാം നാട്ടിലെ ഭൂരിപക്ഷ ജനത കാണുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക അധികാരവും ഇ.ഡി, സി.ബി.ഐ പോലുള്ള അന്വേഷണ ഏജൻസികളും മാധ്യമങ്ങളുമെല്ലാം സർക്കാറിന്റെ കൈയിലാണെങ്കിൽപോലും ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളിൽ കൃത്രിമം നടത്തിയിട്ടില്ലെങ്കിൽ മോദി വീണ്ടും അധികാരത്തിൽ വരില്ലെന്നാണ് താൻ ഉറച്ചുവിശ്വസിക്കുന്നതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.