‘സിദ്ധാർഥ് ജീവനൊടുക്കിയതല്ല; കൊന്നതാണ്’
text_fieldsനെടുമങ്ങാട്: വയനാട്, പൂക്കോട് സർക്കാർ വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥ് ജീവനൊടുക്കിയതല്ലെന്നും ഭക്ഷണം പോലും നൽകാതെ, എസ്.എഫ്.ഐക്കാർ മർദിച്ചുകൊന്നതാണെന്നും മാതാപിതാക്കൾ. രണ്ടാം വർഷ ബി.വി സയൻസ് വിദ്യാർഥി നെടുമങ്ങാട് കുറക്കോട് ‘പവിത്ര’ത്തിൽ ജയപ്രകാശ്, ഷീബ ദമ്പതികളുടെ മകൻ സിദ്ധാർഥ് ഫെബ്രുവരി 18നാണ് കോളജ് ഹോസ്റ്റലിലെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. അവരെ സംരക്ഷിക്കുകയാണെന്നും ജയപ്രകാശും ഷീബയും ആരോപിച്ചു. 15ന് വീട്ടിലേക്ക് വരാൻ സിദ്ധാർഥ് ട്രെയിൻ കയറിയിരുന്നു. ഇതിനിടെ, ഒരു സഹപാഠി ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോയെന്നാണ് സിദ്ധാർഥ് പറഞ്ഞത്. സിദ്ധാർഥിനെ എസ്.എഫ്.ഐ നേതാക്കൾ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് സഹപാഠികൾ തന്നെയാണ് അറിയിച്ചത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും ജയപ്രകാശ് പറഞ്ഞു.
അവന് ഭക്ഷണം പോലും നൽകിയില്ല. പ്രണയദിനത്തിൽ സീനിയർ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്തത് ഇഷ്ടപ്പെടാത്ത സീനിയർ വിദ്യാർഥികളായ എസ്.എഫ്.ഐ നേതാക്കൾ സിദ്ധാർഥിനെ ക്രൂരമായി മർദിച്ചിരുന്നെന്നാണ് സഹപാഠികൾ തന്നെ അറിയിച്ചതെന്നും ജയപ്രകാശ് പറഞ്ഞു. മരിക്കുന്ന ദിവസവും ഫോണിൽ സംസാരിച്ച സിദ്ധാർഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാവ് ഷീബയും പറയുന്നത്. ഫോണിൽ നന്നായി സംസാരിക്കുന്ന മകൻ തിരിച്ചുപോയ ശേഷം കാര്യമായൊന്നും സംസാരിച്ചില്ലെന്ന് ഷീബ പറഞ്ഞു. സിദ്ധാർഥിന്റെ മരണത്തിൽ കോളജ് യൂനിയൻ ഭാരവാഹികളുൾപ്പെടെ വൈത്തിരി പൊലീസ് 12 പേർക്കെതിരെയാണ് കേസെടുത്തത്. റാഗിങ്, ഗൂഢാലോചന, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്നാണ് സിദ്ധാർഥിന്റെ മാതാപിതാക്കളുടെ ആരോപണം. സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നതെന്ന് ജയപ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.