കാപ്പന്റെ ജാമ്യം: വൈകിക്കിട്ടിയ നീതിയെന്ന് ഭാര്യ റൈഹാനത്ത്
text_fieldsവേങ്ങര (മലപ്പുറം): രണ്ടര വർഷം നീണ്ട കാത്തിരിപ്പിന് ശേഷം വൈകിക്കിട്ടിയ നീതിയാണ് സിദ്ധീഖ് കാപ്പന്റെ ജാമ്യമെന്ന് ഭാര്യ റൈഹാനത്ത്. യു.പിയിലും ഡൽഹിയിലുമായി കോടതികളിൽ നിന്നു കോടതികളിലേക്ക് കടലാസ് കെട്ടുകളുമായി നീങ്ങിയത് വെറുതെയായില്ലെന്ന് റൈഹാനത്ത് സമാശ്വസിക്കുന്നു.
45,000 രൂപ കൈവശം വെക്കുന്നതും അത് ബാങ്ക് മുഖേന ട്രാൻസ്ഫർ ചെയ്യുന്നതുമൊക്കെ വലിയ കുറ്റമായി കണ്ട പൊലീസ് ഭീകരതയുടെ തെറ്റായ നിലപാടുകൾക്കെതിരെയുള്ള ശക്തമായ നടപടിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും റൈഹാനത്ത് പറയുന്നു. കീഴ്കോടതിയിൽ നിന്നുതന്നെ ജാമ്യം കിട്ടേണ്ടിയിരുന്ന കേസ് ഹൈകോടതിയിലേക്ക് വലിച്ചിഴച്ചത് ശരിയായ നടപടിയായിരുന്നില്ലെന്നും അവർ സൂചിപ്പിച്ചു.
തനിക്കും പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്കും ജീവിതത്തിൽ നിന്നു നഷ്ടമായ രണ്ടര വർഷത്തിനും തങ്ങളനുഭവിച്ച തീരാവേദനകൾക്കും ആര് മറുപടി പറയുമെന്നും റൈഹാനത്ത് ചോദിക്കുന്നു. യു.എ.പി.എ കേസുകളിൽ നിന്നും ഇ.ഡി ചുമത്തിയ കേസുകളിൽ നിന്നും ജാമ്യം ലഭിച്ചെങ്കിലും കാപ്പന് കോടതി നടപടികൾ തീർത്ത് എന്ന് നാടണയാൻ കഴിയുമെന്ന ആശങ്കയിലാണ് റൈഹാനത്തും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.