കപ്പൽ പിടിച്ചെടുക്കൽ; പ്രാർഥനയോടെ ശ്യാംനാഥിന്റെ കുടുംബം
text_fieldsകുറ്റിക്കാട്ടൂർ: ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള കപ്പലിലെ സെക്കൻഡ് എൻജിനീയർ ശ്യാംനാഥിന്റെ മോചനത്തിൽ പ്രതീക്ഷയർപ്പിച്ച് കുടുംബം. കോഴിക്കോട് വെള്ളിപറമ്പ് പൂവംപറമ്പത്ത്താഴം ‘വിശ്വ’ത്തിൽ വിശ്വനാഥന്റെയും ശ്യാമളയുടെയും മകനായ ശ്യാംനാഥ് തിങ്കളാഴ്ച കപ്പലിൽ നിന്നിറങ്ങാനിരുന്നതാണ്. കപ്പൽ പിടിച്ചെടുക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഇദ്ദേഹം വീട്ടിലേക്ക് വിളിച്ചിരുന്നു. ശനിയാഴ്ച രാവിലെ 7.45 ഓടെയാണ് വിളിച്ചത്.
മാതാപിതാക്കളോടും ഭാര്യയോടും ഏറെ നേരം സംസാരിച്ചിരുന്നു. കപ്പൽ ദുബൈ തുറമുഖത്തുനിന്ന് പുറപ്പെട്ടെന്നും തിങ്കളാഴ്ച ഉച്ചയോടെ മുംബൈയിൽ ഇറങ്ങി വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു.
വിഷുവിനു മുമ്പ് നാട്ടിലെത്താനായിരുന്നു പദ്ധതിയെങ്കിലും പകരം ജോലിക്ക് കയറേണ്ട സെക്കൻഡ് എൻജിനീയർ എത്താൻ വൈകിയതിനാലാണ് തിരിച്ചുവരവിൽ മാറ്റമുണ്ടായത്. മിക്കവാറും എല്ലാ ദിവസവും രാവിലെ വിഡിയോ കോൾ ചെയ്യാറുണ്ട്. ശനിയാഴ്ച രാവിലെ ഇടവേള സമയം കുറവായതിനാൽ വോയിസ് കാൾ ആണ് ചെയ്തത്. പത്തുവർഷമായി ഇതേ കമ്പനിയുടെ വിവിധ കപ്പലുകളിൽ ജോലി ചെയ്യുന്നു. 2023 മേയ് 20നായിരുന്നു ശ്യാംനാഥിന്റെ വിവാഹം. ഇതിനായി 2023 ഏപ്രിൽ 15നാണ് നാട്ടിലെത്തിയത്. തുടർന്ന് അവധി കഴിഞ്ഞ് സെപ്റ്റംബർ 17നാണ് തിരിച്ചുപോയത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് കപ്പൽ പിടിച്ചെടുത്തതിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.
മുംബൈയിലെ ഹെഡ് ഓഫിസിൽനിന്ന് ക്യാപ്റ്റൻ പ്രധാൻ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മറ്റു വിവരങ്ങൾ അറിയില്ലെന്നും എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കുമെന്നും പറഞ്ഞിരുന്നു. തുടർന്ന് ഈ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട്, ഞായറാഴ്ച രാത്രിയോടെ മുംബൈയിലെ ഹെഡ് ഓഫിസിൽനിന്ന് പിതാവ് വിശ്വനാഥനെ വീണ്ടും ബന്ധപ്പെടുകയും ശ്യാംനാഥ് അടക്കമുള്ള ജീവനക്കാരെല്ലാം കപ്പലിൽ സുരക്ഷിതരാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
പിതാവ് വിശ്വനാഥൻ വിമുക്തഭടനും ഷിപ്പിങ് മന്ത്രാലയത്തിലെ മുൻ ജീവനക്കാരനുമാണ്. ഇദ്ദേഹം എം.പിമാരോടും മറ്റു ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും സഹായം അഭ്യർഥിച്ചിട്ടുണ്ട്. സർക്കാർതലത്തിലും മറ്റും ഇടപെടലുകൾ ഉണ്ടായതിനാൽ എത്രയും പെട്ടെന്ന് മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. വിവിധ നേതാക്കളും ജനപ്രതിനിധികളും കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ ലോക്സഭ സ്ഥാനാർഥികളായ എളമരം കരീം, എം.കെ. രാഘവൻ തുടങ്ങിയവരും ശ്യാംനാഥിന്റെ വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.