രക്ഷാകർതൃ സങ്കൽപങ്ങളിൽ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചു -ഡോ. എൽസി ഉമ്മൻ
text_fieldsകൊച്ചി: രക്ഷാകർതൃ സങ്കൽപങ്ങളിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതായി പ്രമുഖ മനോരോഗ വിദഗ്ധ ഡോ. എൽസി ഉമ്മൻ. ബാല്യകാലത്ത് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന രീതി, മുതിരുമ്പോൾ മാർഗദർശിത്വം എന്ന നിലയിലേക്ക് മാറ്റുകയാണ് വേണ്ടത്. ‘മാധ്യമം’ ദിനപത്രത്തിൽനിന്ന് വിരമിച്ചവരുടെ കൂട്ടായ്മയായ എക്സ് എംപ്ലോയീസ് ഫോറം എറണാകുളം ഗ്രാൻഡ് സ്ക്വയറിൽ സംഘടിപ്പിച്ച ‘ഓർമപ്പന്തൽ 2023’ന്‍റെ ഭാഗമായ സ്നേഹവേദിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.
കുട്ടികളെ ശ്വാസംമുട്ടിക്കുന്ന രീതിയും അമിതസ്വാതന്ത്ര്യം നൽകുന്ന രീതിയും അഭികാമ്യമല്ല. ശാസനയും ശിക്ഷയും തീരെ പാടില്ല എന്ന ചിന്താഗതിയും ശരിയല്ല. എന്തിനാണ് ഇവയെന്ന് കുട്ടികൾക്ക് ബോധ്യമാവണം. സ്നേഹത്തിൽ പൊതിഞ്ഞ് വേണം അത് ചെയ്യാൻ. ഒരിക്കലും മോശപ്പെട്ട വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്നും ഡോ. എൽസി പറഞ്ഞു.
വി.കെ. ഖാലിദ്, ബെൽത്തസർ ജോസഫ്, അഡ്വ. സി.പി. മുഹമ്മദ്, വി.ആർ. രാജമോഹൻ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങൾ പങ്കെടുത്ത മത്സരങ്ങൾ അരങ്ങേറി. അബു ഇരിങ്ങാട്ടിരി, എം. സുരേഷ് കുമാർ, എം.ജെ. ബാബു, മുഹമ്മദ് കുട്ടി എളമ്പിലാക്കോട്, വി.ആർ. രാജമോഹൻ എന്നിവരെ ആദരിച്ചു.
ഫലാഹ് അലിയും സ്മിത ഫ്രാൻസിസും നയിച്ച ഗാനമേളയും അരങ്ങേറി. സി.എം. നൗഷാദ് അലി, കെ. ഉമറുൽ ഫാറൂഖ്, സി.കെ.എ. ജബ്ബാർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.